1

താമരശ്ശേരി: ജില്ലയിലെ 1300 കുടുംബങ്ങൾക്കിനി സമാധാനമായുറങ്ങാം. ആരും ചോദിക്കാൻ വരില്ല. സംസ്ഥാനത്താകെ 13,320 പട്ടയങ്ങൾ വിതരണം ചെയ്യുന്നതിനോടൊപ്പം ജില്ലയിൽ 1300 പട്ടയങ്ങളാണ് മുഖ്യമന്ത്രി ഇന്നലെ വിതരണം ചെയ്തത്.

അമ്പായത്തോട് മിച്ചഭൂമിയിലെ 113 കുടുംബങ്ങളും ആനമങ്ങാട്- ചക്കുംകടവ് പുറമ്പോക്കിലെ 31 കുടുംബങ്ങളും ജില്ലാതല പരിപാടിയിൽ പട്ടയങ്ങൾ കൈപ്പറ്റി. എ.പ്രദീപ് കുമാർ എം.എൽ.എയാണ് പട്ടയങ്ങൾ കൈമാറിയത്. കോഴിക്കോട്,താമരശ്ശേരി താലൂക്കുകളിലുള്ളവർക്കാണ് പട്ടയങ്ങൾ വിതരണം ചെയ്തത്.

സബ് കളക്ടർ‌ ജി.പ്രിയങ്ക. അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി.ഗവാസ് സംസാരിച്ചു. ഡെപ്യൂട്ടി കളക്ടർ കെ.ആർ മിനി ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥർ പങ്കെടുത്തു. എ.ഡി.എം. എൻ. പ്രേമചന്ദ്രൻ സ്വാഗതവും കോഴിക്കോട് തഹസിൽദാർ എ.എം. പ്രേംലാൽ നന്ദിയും പറഞ്ഞു.

വടകര താലൂക്കുകാർക്കായി നാദാപുരം പഞ്ചായത്ത് ഹാളിൽ നടന്ന പട്ടയവിതരണം ഇ.കെ.വിജയൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മരിയാട്ട്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, പി.പി. ബാലകൃഷ്ണൻ, പി.പി.ചാത്തു, എം.പി. സൂപ്പി, എം.ടി. ബാലൻ, കെ.ടി.കെ. ചന്ദ്രൻ, പി.എം നാണു, കരിമ്പിൽ ദിവാകരൻ, കെ.ജി ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു. ലാൻഡ് ട്രിബ്യൂണൽ ഹെഡ് മിനി സ്റ്റീരിയൽ ഓഫീസർ രമേശൻ വി. സ്വാഗതവും റവന്യൂ ഇൻസ്പെക്ടർ ഷൈമ.എം. നന്ദിയും പറഞ്ഞു.

.