കോഴിക്കോട്: പിൻവാതിൽ നിയമനങ്ങൾക്കെതിരെ തലസ്ഥാനത്ത് പി.എസ്.സി റാങ്ക് ലിസ്റ്റുകാർ തുടരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിനിടയിൽ സംഘർഷം. പൊലീസുമായി ഉന്തും തള്ളും നടക്കുന്നതിനിടെ കല്ലേറ് തുടങ്ങിയതോടെയുണ്ടായ ലാത്തിച്ചാർജ്ജിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് ഉൾപ്പെടെ ഏതാനും പേർക്ക് പരിക്കേറ്റു. കല്ലേറിൽ മംഗളം ഫോട്ടോഗ്രാഫർ രാജേഷ് മേനോനും പരിക്ക് പറ്റി.
ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രവർത്തകർ പ്രകടനമായി കളക്ടറേറ്റ് മുഖ്യകവാടത്തിന് മുന്നിലെത്തിയത്. അഡ്വ.സിദ്ദിഖ് മാർച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചതിനു പിറകെ പ്രവർത്തകർ അക്രമാസക്തരാവുകയായിരുന്നു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചതോടെ പല തവണ ജലപീരങ്കി പ്രയോഗമുണ്ടായി. പിന്മാറിയ പ്രവർത്തകർ വീണ്ടുമെത്തി ബാരിക്കേഡ് ദേശീയപാതയിൽ സ്ഥാപിച്ച് റോഡ് ഉപരോധിച്ചു. തുടർന്ന് പൊലീസ് കണ്ണീർവാതക ഷെൽ പ്രയോഗിച്ചതിന് പിറകെയായിരുന്നു കല്ലേറ്. ലാത്തിച്ചാർജ്ജിലൂടെ പ്രക്ഷോഭകരെ പിരിച്ചുവിട്ട ശേഷമാണ് ഗതാഗതം പുന:സ്ഥാപിക്കാനായത്.