കോഴിക്കോട്: ശരികൾ തുറന്നു പറയാൻ മടിയില്ലാത്ത അതുല്യ ചരിത്രകാരനാണ് ഡോ.എം.ജി.എസ്. നാരായണനെന്ന് മിസോറാം ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. കാലദേശങ്ങൾക്ക് അതീതമായി നിലനിൽക്കുന്നവയാണ് എം.ജി.എസിന്റെ ഗ്രന്ഥങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എം.ജി.എസ് നാരായണന് കോഴിക്കോടിന്റെ ആദരം" പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് പൗരാവലിയുടെ ഉപഹാരം പി.എസ്.ശ്രീധരൻ പിള്ള എം.ജി.എസിന് നൽകി. മിസോറാമിൽ നിന്ന് കൊണ്ടുവന്ന പൊന്നാടയും അദ്ദേഹത്തെ അണിയിച്ചു. മലാപറമ്പ് ഹൗസിംഗ് കോളനിയിൽ ഒരുക്കിയ ചടങ്ങിൽ എം.കെ. രാഘവൻ എം.പി അദ്ധ്യക്ഷത വഹിച്ചു. ചരിത്രകാരൻ ഡോ.എം.ആർ. രാഘവ വാരിയർ മുഖ്യപ്രഭാഷണം നടത്തി. എ.പ്രദീപ് കുമാർ എം.എൽ.എ, കൗൺസിലർ പി. സരിത, ചരിത്ര ഗവേഷകൻ കെ.കെ. മുഹമ്മദ്, സാഹിത്യകാരൻ യു.കെ.കുമാരൻ, മാധ്യമപ്രവർത്തകൻ പി.ജെ. ജോഷ്വാ, എം.ജി.എസ് ഫൗണ്ടേഷൻ പ്രസിഡന്റ് പ്രൊഫ. പി.വേണു, അഡ്വ. മാത്യു കട്ടിക്കാന, എം.പി. വാസുദേവൻ, ബോബി സി.മാത്യു എന്നിവർ പ്രസംഗിച്ചു.