കോഴിക്കോട്: അത്യാധുനിക രീതിയിൽ നവീകരിച്ച കൈരളി, ശ്രീ തിയേറ്ററുകൾ ഇന്ന് പ്രേക്ഷകർക്കായി തുറന്നുകൊടുക്കും. വൈകീട്ട് നാലിന് സാംസ്‌കാരിക മന്ത്റി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും . സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഏഴുകോടി രൂപ ചെലവിൽ ആധുനികവത്കരിച്ച തിയേറ്ററുകളിൽ ബാർകൊ 4കെ ജിബി ലേസർ പ്രോജക്ടർ, അറ്റ്മോസ് സൗണ്ട് സിസ്റ്റം, ട്രിപ്പിൾ ബീം 3ഡി, ആർ.ജി.ബി ലേസർ സ്ക്രീൻ തുടങ്ങിയ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിശാലമായ ലോബി, പുഷ് ബാക്ക് ഇരിപ്പിടങ്ങൾ, ബുക്ക് സ്റ്റാൾ, ലളിതകലാ അക്കാദമിയുടെ പെയിന്റിംഗ് ഗാലറി, ഫീഡിംഗ് റൂം, വി.ഐ.പി ലോഞ്ച്, വാഹന പാർക്കിംഗ് മുൻകൂട്ടി റിസർവ് ചെയ്യുന്നതിനുള്ള സൗകര്യം എന്നിവയുമുണ്ട്. ഉദ്ഘാടന ചടങ്ങിൽ ഡോ.എം.കെ മുനീർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തൊഴിൽ മന്ത്റി ടി.പി രാമകൃഷ്ണൻ, എം.പിമാരായ എം.കെ രാഘവൻ, എം.വി ശ്രേയാംസ്‌കുമാർ, എം.എൽ.എമാരായ എ.പ്രദീപ്കുമാർ, പുരുഷൻ കടലുണ്ടി എന്നിവർ പങ്കെടുക്കും. കോഴിക്കോട്ടെ ചലച്ചിത്ര പ്രവർത്തകർ, കൈരളി, ശ്രീ തിയേറ്ററുകളിൽ നിന്ന് വിരമിച്ചവർ, ചലച്ചിത്ര വികസന കോർപ്പറേഷൻ ഭരണസമിതി അംഗം കൈതപ്രം ദാമോദരൻ നമ്പൂതിരി, ചലച്ചിത്ര സംവിധായകൻ മനോജ് കാന, തിയേറ്റർ നവീകരിച്ച കരാറുകാർ എന്നിവരെ ആദരിക്കും. പ്രവേശനം ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രം. ഉദ്ഘാടനത്തിനുശേഷം ഓസ്‌കർ അവാർഡ് നേടിയ '1917' എന്ന ചലച്ചിത്രം പ്രദർശിപ്പിക്കും. ഫെബ്രുവരി 19 മുതൽ രണ്ട് തിയേറ്ററുകളിലും സാധാരണ പ്രദർശനമുണ്ടാകും.
ടിക്കറ്റ് നിരക്കിൽ മാറ്റമില്ല
കോഴിക്കോട്: കൈരളി - ശ്രീ തിയേറ്ററുകളിൽ അത്യാധുനിക സംവിധാനം ഏർപ്പെടുത്തിയെങ്കിലും ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുണും മാനേജിംഗ് ഡയറക്ടർ എൻ മായയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിയറ്ററുകൾക്ക് ലോകോത്തര നിലവാരം കൈവരിച്ചിട്ടുണ്ടെങ്കിലും നവീകരണത്തിനായി തിയേറ്റർ അടക്കുന്ന സമയത്ത് ഉണ്ടായിരുന്ന നിരക്ക് തന്നെയായിരിക്കും ഈടാക്കുക.