tharoor
കോഴിക്കോടിന്റെ മധുരം നുകർന്ന്... ജനപങ്കാളിത്തത്തോടെ യു.ഡിഎഫ് പ്രകടനപത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി മിഠായിത്തെരുവിലെത്തിയ ശശി തരൂർ എം.പി മടങ്ങുംമുമ്പ് ജൂസ് കടയിലെത്തിയപ്പോൾ. ഒപ്പം ഡോ.എം.കെ.മുനീർ എം.എൽ.എ യും.

കോഴിക്കോട്: വി.ഐ.പി പരിവേഷമൊന്നുമില്ലാതെ, തികഞ്ഞ സാധാരണക്കാരനായി ശശി തരൂർ എം.പി മിഠായിത്തെരുവിലേക്ക് എത്തിയപ്പോൾ കണ്ടവർ ആദ്യം ഒന്നമ്പരന്നു. കച്ചവടക്കാരെ കണ്ടും കേട്ടും അദ്ദേഹം നീങ്ങിയപ്പോൾ ആ അമ്പരപ്പ് പെട്ടെന്നു തന്നെ കൗതുകത്തിനും ആരാധനയ്ക്കും വഴിമാറി.

മിഠായിത്തെരുവിലെ കച്ചവടത്തിന് നേരിട്ട കയ്പിന്റെ രൂക്ഷത ജനപ്രിയ നേതാവിനോട് വ്യാപാരികൾ പങ്കുവെച്ചു. വാഹനഗതാഗത വിലക്ക് വരുത്തിവെച്ച വിനയ്ക്ക് പിറകെ കൊവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നീണ്ട കാലം അടച്ചിടേണ്ടി വരിക കൂടി ചെയ്തതോടെ കച്ചവടം ആകെ തകർന്ന നിലയിലായെന്നതിന് അവർ കണക്കുകൾ കൂടി നിരത്തി.

കൊവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞുവരികയാണെങ്കിലും 60 ശതമാനത്തിൽ പരം ആളുകൾക്ക് ഇപ്പോഴും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനായിട്ടില്ലെന്ന് തരൂർ ചൂണ്ടിക്കാട്ടി. ഈ വിഭാഗക്കാരുടെ പ്രശ്നങ്ങൾ ഭരണാധികാരികൾ ഇനിയും പരിഗണിച്ചിട്ടില്ല. ജനങ്ങളുടെ ആവശ്യങ്ങൾ എന്തെന്ന് മനസ്സിലാക്കി അതിനനുസരിച്ചുള്ള പ്രതിവിധികൾ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനപങ്കാളിത്തത്തോടെ യു.ഡിഎഫ് പ്രകടനപത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായായിരുന്നു ശശി തരൂരിന്റെ വരവ്. ഇന്നലെ രാവിലെ 11 മണിയോടെ മിഠായിത്തെരുവിൽ എത്തിയ അദ്ദേഹം ഓരോ കടയിലും കയറിയിറങ്ങി. അതിനിടയ്ക്ക് പൊതുജനങ്ങളിൽ ചിലരും പ്രശ്നങ്ങൾ ബോധിപ്പാൻ അടുത്തെത്തി. നിയമസഭ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീ‌ർ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത, കൗൺസിലർമാരായ എസ്.കെ അബൂബക്കർ, കെ മൊയ്തീൻ കോയ എന്നിവരും തരൂരിനൊപ്പമുണ്ടായിരുന്നു.

വസ്ത്രവ്യാപാരി അജിത്തിൻെറ കടയിലാണ് എം.പി ആദ്യമെത്തിയത്. പ്രതീക്ഷിക്കാതെ എം.പിയെ മുന്നിൽ കണ്ടപ്പോൾ അജിത് ആദ്യമൊന്നു പകച്ചു. കുശലം പറച്ചിൽ കഴിഞ്ഞതോടെ അന്ധാളിപ്പ് മാറി. പൈതൃകത്തെരുവിന്റെ പ്രശ്നങ്ങൾ ഒന്നൊന്നായി അദ്ദേഹം എം.പി യോട് വിശദീകരിച്ചു. കൊവിഡ് കാലത്തെ അടച്ചുപൂട്ടലിലൂടെ വന്നുപെട്ട നഷ്ടത്തിൽ നിന്നു ഇതുവരെ കരകയറാനാവാത്തതിന്റെ പ്രശ്നവും അവതരിപ്പിച്ചു.

കോർപ്പറേഷന്റെ കെട്ടിടത്തിൽ കച്ചവടം നടത്തുന്നവർക്ക് വാടകയിനത്തിൽ ഇളവ് നൽകേണ്ടതിന്റെ ആവശ്യകതയും വാഹന ഗതാഗത നിരോധനം മൂലം കച്ചവടം നഷ്ടത്തിലായി കട പൂട്ടിയ അനുഭവങ്ങളും പലരും നിരത്തി. ലോക്ക് ഡൗൺ മുതൽ എട്ടു മാസത്തോളം കച്ചവടം മുടങ്ങി കുടുംബം ദുരിതത്തിൽ മുങ്ങിയതിന്റെ അനുഭവമാണ് മിഠായിതെരുവിലെ വഴിയോര പഴക്കച്ചവടക്കാരൻ അസീസിന് എം.പിയോട് പങ്കുവെക്കാനുണ്ടായിരുന്നത്. ഒരു ആനുകൂല്യവുമില്ലാതെ വഴിയോര കച്ചവടക്കാർ തീർത്തും അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അസീസിനെ പോലുള്ള കച്ചവടക്കാരുടെ പ്രശ്‌നങ്ങളും കോൺഗ്രസ് പരിഗണിക്കുമെന്ന് പറഞ്ഞ് തരൂർ ആശ്വസിപ്പിച്ചു. ഒടുവിൽ, വില കൊടുത്ത് ഓറഞ്ചും വാങ്ങിയാണ് യാത്ര തുടർന്നത്.

മടങ്ങുംമുമ്പ് തെരുവിന്റെ വടക്കേയറ്റത്തായുള്ള ഖാദി എംപോറിയം സന്ദർശിക്കാനും തരൂർ മറന്നില്ല. അവിടെയുള്ളവരുടെ പ്രശ്നങ്ങളും കേട്ടു. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന തുണിത്തരങ്ങൾക്ക് മാത്രം റിബേറ്റ് നൽകുന്ന സർക്കാരിന്റെ തീരുമാനം വില്പനയെ സാരമായി ബാധിച്ചിരിക്കുകയാണെന്ന ആവലാതിയായിരുന്നു ജീവനക്കാരുടേത്. മുൻകാലങ്ങളിൽ നൽകി വന്നപോലെ എല്ലാ തുണിത്തങ്ങൾക്കും റിബേറ്റ് ആനുകൂല്യം നൽകേണ്ടതുണ്ട്. സർക്കാർ ഇതര ഖാദി സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് പെൻഷൻ ലഭ്യമാക്കണെമന്ന ആവശ്യവും അവർ ഉന്നയിച്ചു. ഉപഭോക്താക്കൾക്കിടയിലേക്ക് കടന്ന് പ്രിയപ്പെട്ട ഖാദി മുണ്ടും വാങ്ങി എംപോറിയത്തിൽ നിന്ന് ഇറങ്ങിയപ്പോഴാണ് തൊട്ടടുത്തായുള്ള കോഴിക്കോടിന്റെ സ്വന്തം കലന്തൻസ് ജ്യൂസ് കടയെ കുറിച്ച് തരൂർ അറിഞ്ഞത്. അവിടെയും കയറി മാംഗോ ജ്യൂസും കുടിച്ചാണ് അദ്ദേഹം ഉച്ചയ്ക്ക് മടങ്ങിയത്.