കോഴിക്കോട് : മിഠായിത്തെരുവിൽ ഒയാസീസ് കോമ്പൗണ്ടിൽ രണ്ടിടത്ത് തീപിടിച്ചു. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. മെഗാലാസ്റ്റ് മാർക്കറ്റിംഗ്, സുരഭി ഫൂട്‌വേർ എന്നീ സ്ഥാപനങ്ങൾക്ക് സമീപത്താണ് തീ പിടിച്ചത്.
കെട്ടിടത്തിന് സമീപത്ത് കൂട്ടിയിട്ട മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. ബീച്ച് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. സീനിയർ ഫയർ റസ്‌ക്യൂ ഓഫീസർ പി.വി.പൗലോസിന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് ഫയർഫോഴ്‌സെത്തി തീയണച്ചതോടെ വലിയ ദുരന്തം ഒഴിവായി.
മൊത്തവ്യാപാര കേന്ദ്രമായ ഒയാസീസിൽ കൂടുതലായും പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് വിൽപന നടത്തുന്നത്. മാലിന്യത്തിൽ നിന്ന് തീ ഉയർന്ന് സമീപത്തെ കടകളിലേക്ക് പടരാനുള്ള സാധ്യത ഉണ്ടായിരുന്നു.
ഇടവേളയ്ക്ക് ശേഷം മിഠായിത്തെരുവിൽ വീണ്ടും തീ പിടിത്തമുണ്ടായ സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ഫയർഫോഴ്‌സ് ജില്ലാ ഭരണകൂടത്തിനും വ്യാപാരികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാലിന്യങ്ങൾകൂട്ടിയിട്ട് കത്തിക്കുന്നതിനും ഇവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
കച്ചവട സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞു കിടന്ന സമയത്തുണ്ടായ തീപിടിത്തം സംബന്ധിച്ച് ടൗൺ പൊലീസും അന്വേഷിക്കുന്നുണ്ട്. തീപിടിത്തമുണ്ടായ സമയം ഈ മേഖലകളിലെ കടകളിലൊന്നും ജീവനക്കാരുണ്ടാവാറില്ല.
വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടിവി കാമറകൾ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ലോക്ഡൗൺ ഇളവുകളെ തുടർന്ന് മിഠായിതെരുവ് തുറന്ന സമയത്തും സമാനമായ സംഭവം ഉണ്ടായിരുന്നു. ഒയാസീസ് ഹോട്ടൽ വളപ്പിലായിരുന്നു തീപിടിച്ചത്.