കാർഷിക, സേവന മേഖലയ്ക്കും ഊന്നൽ
എന്റർപ്രൈസിംഗ് പദ്ധതിയ്ക്ക് 2.50 കോടി
സേവന മേഖലയിൽ 19.15 കോടി
ഉൽപാദന മേഖലയിൽ 6.96 കോടി
പശ്ചാത്തല മേഖലയിൽ 2.90 കോടി
എനേബിളിംഗ് കോഴിക്കോട് പദ്ധതിയ്ക്ക് 3കോടി
സ്‌നേഹ സ്പർശം പദ്ധതിക്ക് 35 ലക്ഷം
കോഴിക്കോട് : കാർഷിക, സേവനമേഖലയ്ക്ക് ഊന്നൽ നൽകി 215. 76 കോടി രൂപയുടെ പദ്ധതികൾക്ക് ജില്ലാപഞ്ചായത്ത് വികസന സെമിനാറിന്റെ അംഗീകാരം. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ എ. പ്രദീപ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വലിയ പദ്ധതി ആലോചിക്കാനുള്ള അന്തരീക്ഷം ഇന്ന് കേരളത്തിലുണ്ട്. ഇത്തരം പദ്ധതികൾക്ക് സർക്കാർ മികച്ച പിന്തുണയാണ് നൽകുന്നത്. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ ശശി കരട് പദ്ധതിരേഖ അവതരിപ്പിച്ചു. സേവന മേഖലയിൽ 19.15 കോടിയാണ് നീക്കിവെച്ചത്. ഉൽപ്പാദന മേഖലയിൽ 6.96 കോടിയും പശ്ചാത്തല മേഖലയിൽ 2.90 കോടിയും വകയിരുത്തി. റോഡുകളുടെ പുനരുദ്ധാരണത്തിനും നവീകരണത്തിനും 60 കോടിയും ജില്ലാ പഞ്ചായത്തിന് കീഴിലെ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനും നവീകരണത്തിനുമായി 12 കോടിയും മാറ്റിവെച്ചു. വടകര ജില്ലാ ആശുപത്രിയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും 40 മെഷീനുകളുള്ള ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനുമായി പി.എം.ജെ.വി.കെ പദ്ധതിയിൽ നിന്നും 100 കോടി ലഭ്യമാക്കി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നു. 'എന്റർപ്രൈസിംഗ് കോഴിക്കോട്' പദ്ധതിക്കായി 2.50 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. ലൈഫ് ജില്ലാ പഞ്ചായത്ത് വിഹിതമായി 8.50 കോടിയും അംഗൻവാടികളുടെ നിലവാരമുയർത്താനുള്ള ക്രാഡിൽ പദ്ധതിക്കായി 60 ലക്ഷവും വനിതാ സൗഹൃദ ജില്ലക്കായി അഞ്ച് ലക്ഷവും ഭിന്നശേഷിക്കാർക്കായി സ്‌കോളർഷിപ്പടക്കമുള്ള എനേബിളിംഗ് കോഴിക്കോട് പദ്ധതിക്കായി മൂന്ന് കോടിയും സ്പന്ദനം പദ്ധതിക്കായി 1.05 കോടിയുമാണ് നീക്കിവെച്ചത്. സ്‌നേഹ സ്പർശം പദ്ധതിക്ക് 35 ലക്ഷവും 20 വിദ്യാർത്ഥികൾ അടങ്ങുന്ന സ്റ്റുഡന്റ് പാലിയേറ്റിവ് കെയർ യൂണിറ്റുകളുടെ രൂപീകരണത്തിനായി 10 ലക്ഷവും മാറ്റിവെച്ചു. ഉയരാം ഒന്നിച്ച് പദ്ധതിക്കായി ഒരു കോടിയും ഗോത്രായനം പദ്ധതിക്കായി 75 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്. എഡ്യുകെയറിന് 20 ലക്ഷം വകയിരുത്തി. ബഡ്‌സ് സ്‌കൂൾ നവീകരണത്തിന് 50 ലക്ഷവും സുപഥത്തിന് 20 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല അദ്ധ്യക്ഷത വഹിച്ചു. കളക്ടർ സാംബശിവറാവു മുഖ്യാതിഥിയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. വി റീന, എൻ. എം വിമല, പി സുരേന്ദ്രൻ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ഗോപാലൻനായർ, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ടി അബ്ദുറഹിമാൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി. പി ജയാനന്ദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കൂടത്താംകണ്ടി സുരേഷ് , മുക്കം മുഹമ്മദ്, ഐ. പി രാജേഷ്, അഡ്വ. പി ഗവാസ്, നാസർ എസ്റ്റേറ്റ്മുക്ക്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ആർ മായ, വിവിധ ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി ശിവാനന്ദൻ സ്വാഗതവും സെക്രട്ടറി അഹമ്മദ് കബീർ നന്ദിയും പറഞ്ഞു. കരട് പദ്ധതി രേഖയിൽ സെമിനാറിലെ നിർദേശങ്ങളും കൂട്ടിച്ചേർത്ത് ജില്ലാ പഞ്ചായത്ത് അന്തിമ പദ്ധതി രേഖ തയ്യാറാക്കും.