ചാത്തമംഗലം : ചൂലൂർ പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിന്റെ പ്രഖ്യാപനം ആരോഗ്യ മന്ത്രി കെ.കെ ശൈലജ നി‌ർവഹിച്ചു. പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം മണ്ഡലത്തിലെ രണ്ട് സി.എച്ച്.സികൾ ഉൾപ്പെടെ ആറ് ആശുപത്രികളും കുടുംബാരോഗ്യ കേന്ദ്രമായി മാറിയിരിക്കയാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയ കുന്ദമംഗലം പി.എച്ച്.സി ക്ക് 1.16 കോടി, ചെറൂപ്പയിൽ 50 ലക്ഷം, ഒളവണ്ണക്ക് 1 കോടി എന്നിങ്ങനെ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിക്കുകയും കെട്ടിട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, വൈസ് പ്രസിഡന്റ് എം.സുഷമ, വി.പി.എ സിദ്ദീഖ്, കെ.ചന്ദ്രമതി, എം.സതീദേവി, വിദ്യുൽലത, മെഡിക്കൽ ഓഫീസർ ഡോ. പി.എസ് സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.