പേരാമ്പ്ര: പാർപ്പിടത്തിനും കുടിവെള്ളത്തിനും ഊന്നൽ നൽകി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രഥമ ബഡ്ജറ്റ്. അർഹതയുള്ള എല്ലാവർക്കും വീടെന്ന ലക്ഷ്യത്തിനായി ലൈഫ് ഭവന പദ്ധതിയ്ക്ക് 60 ലക്ഷം രൂപയും പിഎംഎവൈ വിഹിതം നൽകുന്നതിന് 10,60,000 രൂപയും നീക്കിവെച്ചുള്ള ബഡ്ജറ്റ് ധനകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി അദ്ധ്യക്ഷയും വൈസ് പ്രസിഡന്റുമായ കെ.എം റീന അവതരിപ്പിച്ചു. മാലിന്യനിർമ്മാർജനത്തിന് മുൻഗണന നൽകുന്ന ബഡ്ജറ്റിൽ പൊതുമാലിന്യസംസ്കരണം, ഉറവിട മാലിന്യ സംസ്‌കരണം എന്നിവയ്ക്കായി വികസനഫണ്ട്, കേന്ദ്ര ധനകാര്യ കമ്മിഷൻ വിഹിതം, സ്വച്ഛഭാരത് മിഷൻ തുടങ്ങിയവയുടെ ഫണ്ടുകൾ വകയിരുത്തും.മാലിന്യ സംസ്‌കരണത്തിന് രണ്ട് ലക്ഷം രൂപ ചെലവിട്ട് പേരാമ്പ്രയിൽ സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫ് കേന്ദ്രത്തിൽ ജൈവമാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കും. എല്ലാവർക്കും കുടിവെള്ളം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജൽജീവൻ മിഷൻ പദ്ധതിയ്ക്കായി തുക മാറ്റി വയ്ക്കാനും നിർദ്ദേശമുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ. മനോജ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. പ്രിയേഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലജ പുതിയേടത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനിപൊൻപറ, അംഗങ്ങളായ സൽമ നന്മനക്കണ്ടി, കെ.കെ. പ്രേമൻ, വിനോദ് തിരുവോത്ത്, കെ.കെ. അമ്പിളി, പി. ജോന, പി.കെ. സത്യൻ, സി. സാജു, റസ്മിന തങ്കേക്കണ്ടി, എം.കെ. ഷൈനി തുടങ്ങിയവർ സംസാരിച്ചു.
മറ്റ് ബഡ്ജറ്റ് നിർദ്ദേശങ്ങൾ
# ഗതാഗതക്കുരുക്കിന് പരിഹാരമായി മരക്കാടി തോടിനോട് ചേർന്ന് വർഷ ബൈപ്പാസ് വഴിയും ചാനിയം കടവ് റോഡുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് സ്ഥാപിക്കും
# ഓപ്പൺ എയർ ഓഡിറ്റോറിയം
പേരാമ്പ്ര സാംസ്‌കാരിക നിലയം വിപുലപ്പെടുത്തി റഫറൻസ് ഗ്രസ്ഥാലയം
സ്ത്രീകൾക്ക് സ്വയം തൊഴിൽ യൂണിറ്റ്
വിശപ്പ് രഹിത ഗ്രാമം എന്ന ലക്ഷ്യത്തിനായി കൂടുതൽ ജനകീയ ഹോട്ടലുകൾ