കോഴിക്കോട്: കോഴിക്കോട് ജില്ലയെ നാളികേര വിപണന കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാർ പറഞ്ഞു. എലത്തൂരില്‍ നാളികേര ഉത്പ്പന്ന ഫാക്ടറി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

അടച്ചുപൂട്ടല്‍ ഭീഷണിയുടെ വക്കില്‍ നിന്നാണ് നാളികേര വികസന കോര്‍പ്പറേഷന്‍ ഇന്ന് കാണുന്ന നിലയില്‍ എത്തിയിരിക്കുന്നത്. നാളികേരത്തിന്റെ വിപണിയും ന്യായ വിലയും ഉറപ്പു വരുത്തുന്നതിനായി വിവിധ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ കോര്‍പ്പറേഷന്‍ വിപണിയില്‍ ഇറക്കുന്നുണ്ട്. മേഖലയുടെ സമ്പൂര്‍ണ പുരോഗതിക്കായി 1.5 കോടി ചെലവഴിച്ചാണ് എലത്തൂരില്‍ പ്ലാന്റ് നിര്‍മ്മിക്കുന്നത്. കേരജം ബ്രാന്‍ഡില്‍ വെളിച്ചെണ്ണ, വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, നീര, കോക്കനട്ട് പൗഡര്‍, ഫ്രോസണ്‍ ഗ്രേറ്റഡ് കോക്കനട്ട് എന്നിവ വിപണിയില്‍ എത്തിക്കഴിഞ്ഞു. ഏലത്തൂര്‍ മുഖ്യകേന്ദ്രത്തില്‍ മറ്റ് ഉത്പ്പന്നങ്ങളായ കേരജം കേശാമൃത് ഹെയര്‍ ഓയില്‍, കോക്കനട്ട് ഓയില്‍ സോപ്പുകള്‍, കോക്കനട്ട് ചിപ്‌സ്, കോക്കനട്ട് ചമ്മന്തിപൊടി തുടങ്ങിയവയുടെ നിര്‍മാണവും ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. നാളികേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.നാരായണന്‍, കൗണ്‍സിലര്‍ മനോഹരന്‍ മാങ്ങാറിയില്‍, കെ.എസ്.സി.ഡി.സി ഡയറക്ടര്‍മാരായ പി.വിശ്വന്‍, എ.എന്‍ രാജന്‍, പി.ടി ആസാദ്, മാനേജിംഗ് ഡയറക്ടര്‍ എം.സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.