കെ.കേളപ്പന്റെ പേര് നൽകും
കോഴിക്കോട്: ഉത്സവഛായ കലർന്ന അന്തരീക്ഷത്തിൽ കോരപ്പുഴ പുതിയ പാലം പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നാടിനായി തുറന്നു കൊടുത്തു. പാലത്തിന് ഗാന്ധിയനായ കെ.കേളപ്പന്റെ പേര് നൽകുമെന്ന് മന്ത്രി പറഞ്ഞു.
പേരിടൽ തീരുമാനത്തിനായി വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേളപ്പന്റെ പേര് നൽകി ഉത്തരവിറങ്ങിയാൽ പ്രത്യേക ചടങ്ങ് നടത്തി പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഒരു ജനകീയ ആവശ്യം സാദ്ധ്യമാക്കിയതിലുള്ള ചാരിതാർത്ഥ്യമാണ് സർക്കാരിനുള്ളതെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.കിഫ്ബിയിൽ ഉൾപ്പെടുത്തി 26 കോടി ചെലവിൽ കേരള റോഡ് ഫണ്ട് ബോർഡും ദേശീയപാതാ വിഭാഗവും ചേർന്നാണ് നിർമാണം നടത്തിയത്. പുതിയപാലം യഥാർത്ഥ്യമാകുന്നതോടെ കോഴിക്കോട് - കണ്ണൂർ ദേശീയപാതയിലെ ഗതാഗത കുരുക്കിന് അറുതിയാവും.
എലത്തൂർ, കൊയിലാണ്ടി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം പുതുക്കി പണിയുകയെന്നത് ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. 5.5 മീറ്റർ വീതിയുണ്ടായിരുന്ന പഴയ പാലത്തിനു "ക്ലാസ് ബി" ഭാരം താങ്ങാനുള്ള ശേഷിയെ ഉണ്ടായിരുന്നുള്ളു. ഗതാഗത കുരുക്കും അപകടവും പതിവുമായിരുന്നു. പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗമാണ് പുതിയ കാലം പുതിയ നിർമ്മാണം എന്ന ആശയം അന്വർത്ഥമാക്കി നൂതനമായ ഡിസൈനോടുകൂടി പാലം പൂർത്തീകരിച്ചത്.
എലത്തൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല, വൈസ് പ്രസിഡന്റ് കെ.പി ശിവാനന്ദൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, സൂപ്രണ്ടിംഗ് എൻജിനിയർ എ.മുഹമ്മദ്, എക്സിക്യൂട്ടീവ് എൻജിനിയർ ആർ.സിന്ധു തുടങ്ങിയവർ പങ്കെടുത്തു.