ബാലുശ്ശേരി: നൂറു കോടി കർഷകരെ മണ്ണിൽ പറിച്ചെറിയുന്നതിനെതിരെ ശബ്ദമുയർത്തിയ 22 കാരിയെ രാജ്യദ്രോഹ കുറ്റം ചുമത്തി തുറങ്കിലടക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. എൽ.ഡി.എഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ബാലുശ്ശേരിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദഹം.നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററിലോ, ഫേസ് ബുക്കിലോ പോസ്റ്റിട്ടാൽ അവരെ രാജ്യദ്രോഹിയാക്കി ജയിലിലടയ്ക്കുകയാണ്. രാജ്യത്തെ ജനാധിപത്യം തകർന്നുകൊണ്ടിരിക്കുകയാണ്. കോൺഗ്രസിന് തീവ്ര ഹിന്ദുത്വത്തെ എതിർക്കാൻ കഴിയുന്നില്ല. പ്രധാനമന്ത്രി അമ്പലത്തിന് തറക്കല്ലിടുമ്പോൾ വെള്ളികൊണ്ടുണ്ടാക്കിയ ഇഷ്ടിക കൊടുത്തയക്കുകയാണ് കോൺഗ്രസുകാർ. ന്യൂനപക്ഷത്തിന്റെ ജീവിക്കാനുള്ള അവകാശത്തിനു നേരെ കടന്നാക്രമണം നടത്തുമ്പോൾ അത് തെറ്റാണെന്ന് പറയാനുളള കരുത്ത് ഇടതുപക്ഷത്തിന് മാത്രമാണെന്നും വിജയരാഘവൻ പറഞ്ഞു. പുരുഷൻ കടലുണ്ടി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ടി.പി രാമകൃഷ്ണൻ, അഡ്വ.പി.സതീദേവി, കെ.പി രാജേന്ദ്രൻ, മനയത്ത് ചന്ദ്രൻ , കാസിം ഇരിക്കൂർ, അഡ്വ.കെ.ജെ ജോസഫ് , ബിനോയ് ജോസഫ്, ടി.വി ബാലൻ, പി.കെ രാജൻ, പി.മോഹനൻ ,മുക്കം മുഹമ്മദ്, എം. മെഹബൂബ്, അഡ്വ.പി.മുഹമ്മദ് റിയാസ്, കെ. ലോഹ്യ എന്നിവർ സംസാരിച്ചു. പി.കെ മുകുന്ദൻ സ്വാഗതം പറഞ്ഞു.