കോഴിക്കോട് : നഗരത്തിന്റെ പൈതൃകം കാക്കുന്ന വികസനത്തിനും കൊവിഡാനന്തര ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി കോർപ്പറേഷൻ ബഡ്‌ജറ്റ്.
അടിസ്ഥാന സൗകര്യ വികസനത്തിനുൾപ്പെടെ നൂതന പദ്ധതികൾ ഉൾപ്പെടുത്തിയുള്ളതാണ് ഡെപ്യൂട്ടി മേയർ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അവതരിപ്പിച്ച ബഡ്‌ജറ്റ്.
കോർപ്പറേഷന്റെ 2020 - 21 വർഷത്തെ പുതുക്കിയ ബഡ്‌ജറ്റും 2021- 22 വർഷത്തെ മതിപ്പ് ബഡ്‌ജറ്റുമാണ് അവതരിപ്പിച്ചത്. 882.85 കോടി രൂപ വരവും 827. 89 കോടി രൂപ ചെലവും 54. 96 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് പുതിയ സാമ്പത്തിക വർഷത്തേക്കുള്ള ബഡ്‌ജറ്റ്. യോഗത്തിൽ മേയർ ഡോ. ബിന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.
വിനോദ സഞ്ചാരികളേ... ഇതിലേ, ഇതിലേ...
നഗരത്തിലെത്തുന്ന സഞ്ചാരികൾക്ക് പൈതൃകസ്ഥലങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഹെറിറ്റേജ് വാക്ക് ഒരുക്കും. തളിക്ഷേത്രം, മിസ്‌കാൽ പള്ളി, കുറ്റിച്ചിറയിലെയും പരിസരങ്ങളിലെയും വീടുകൾ, സെന്റ്‌ജോസഫ് പള്ളി, ബുദ്ധവിഹാരം തുടങ്ങിയ പൈതൃക കേന്ദ്രങ്ങൾഇതിൽ ഉൾപ്പെടുത്തും. നഗര ചരിത്ര മ്യൂസിയവും സ്വാതന്ത്ര്യസമര സേനാനികളുടെ രക്തസാക്ഷി സ്തൂപവും ഒരുക്കും. കസ്റ്രംസ് റോഡിൽ ഫുഡ് സ്ട്രീറ്റ്, കല്ലായിപ്പുഴ - കനോലി കനാൽ ടൂറിസം പദ്ധതി. ബീച്ചിലെ ഫ്രീഡം സ്‌ക്വയർ ഉപയോഗപ്പെടുത്തി ലൈറ്റ് ആൻഡ് സൗണ്ട് ഷോ. സുഗന്ധവിളകളുടെ കേന്ദ്രമായ കോഴിക്കോടിന്റെ ചരിത്രം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി സ്‌പൈസസ് മ്യൂസിയവും സ്‌പൈസസ് തെരുവും സ്ഥാപിക്കും. എരവത്ത് കുന്നിൽ ടെലിസ്‌കോപ്പും റോപ് വേയും സ്ഥാപിക്കും. ഹോസ്പിറ്റാലിറ്റി ട്രെയ്‌നിംഗ് സെന്റർ സ്ഥാപിക്കും. മാനാഞ്ചിറയിൽ നിശാഗന്ധി മാതൃകയിൽ നഗരചത്വരം തീർക്കും. സരോവരം, എരഞ്ഞിക്കൽ, നല്ലളം, ബേപ്പൂർ, കല്ലായി കണ്ടൽവനങ്ങൾ സംരക്ഷിച്ച് ടൂറിസം പദ്ധതി ഒരുക്കും. പൂനൂർ പുഴയിൽ ബോട്ടിംഗ് സൗകര്യവും ഏർപ്പെടുത്തും.
ഉറങ്ങില്ലിനി ഈ തെരുവ്
ആതിഥ്യ മര്യാദ, ഭക്ഷണരീതികൾ, കലാസ്വാദനം എന്നിവയെല്ലാം ഉപയോഗപ്പെടുത്തി ഉറങ്ങാത്ത തെരുവ് പദ്ധതി നടപ്പാക്കും. കോഴിക്കോടിന്റെ നഗരക്കാഴ്ചകൾ കാണാനും കോഴിക്കോടൻ ഭക്ഷണങ്ങൾ രുചിക്കാനുമായി നഗരത്തിലുള്ളവരും മറ്റ് സ്ഥലങ്ങളിൽ ഉള്ളവരും ഉൾപ്പെടെ നിരവധി പേരാണ് നഗരത്തിലെത്തുന്നത്. ഇവർക്ക് കോഴിക്കോടി ന്റെ രുചിഭേദങ്ങൾ അറിയാനും കലാസ്വാദനത്തിനുമായി പൊതുഇടങ്ങൾ ഒരുക്കും. പരീക്ഷണ അടിസ്ഥാ നത്തിൽ വലിയങ്ങാടിയിൽ കച്ചവടക്കാരുടേയും തൊഴിലാളികളുടേയും പിന്തുണയോടെ കോഴിക്കോടിന്റെ ഉറങ്ങാത്ത തെരുവിന്റെ പൈലറ്റ് പദ്ധതി ആരംഭിക്കും. വലിയങ്ങാടിയിലെ വ്യാപാരത്തിന് തടസ്സം സൃഷ്ടിക്കാതെയും ഈ പദ്ധതി നടപ്പിലാക്കും. ഫുഡ് കോർട്ടുകൾ, സംഗീത സായാഹ്നങ്ങൾ, ദീപാലങ്കാരം തുടങ്ങി വ ഒരുക്കും.
വരട്ടേ.. ആരോഗ്യ നഗരം
കൊവിഡാനന്തരം ആരോഗ്യമുള്ള ജനതയ്ക്കായി കോഴിക്കോട് ഇമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സ്‌കീം (കിഡ്‌സ്) പദ്ധതി നടപ്പാക്കും ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് വ്യായാമത്തിനുള്ള സൗകര്യം ഒരുക്കും. ഫൺ ആൻഡ് ഫിറ്റ്നസ് പാർക്കുകൾ ഒരുക്കും, വാക്ക് വേകൾ, ജോഗിംഗിനായി മഡ് ട്രാക്ക്, ഓപ്പൺ ജിം, നീന്തൽകുളം, ഇൻഡോർ സ്റ്റേഡിയം സൈക്കിളിംഗ് ട്രാക്കുകൾ ഒരുക്കും. അലോപ്പതി, ഹോമിയോ, ആയുർവേദ ചികിത്സകൾ ഒരുകുടക്കീഴിലാക്കി വെസ്റ്റഹിൽ ഹെൽത് കോംപ്ലക്‌സ് നിർമിക്കും, ടി.ബി ക്ലിനിക് സ്ഥലത്ത് ഹെൽത് ഹബ്, വൃക്കരോഗികൾക്ക് ഡയാലിസിസ് പദ്ധതി, സഹായത്തിന് പദ്ധതി, മൂഴിക്കൽ ആയുർേവദ ആശുപത്രി എന്നിവ സജ്ജീകരിക്കും.
" മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ബാധിച്ചിട്ടുണ്ട്. തനത് വരുമാനത്തിൽ കാര്യമായ കുറവുണ്ടായി. കൂട്ടായ പരിശ്രമത്തിലൂടെ ഇതിനെ മറി കടന്ന് കോഴിക്കോടിനെ ഇന്ത്യയിലെ മികച്ച പട്ടണമാക്കി മാറ്റുകയാണ് ലക്ഷ്യം.
ഡോ.ബീന ഫിലിപ്പ്, മേയർ
" എല്ലാ മേഖലയിലും നഗരത്തെ മുന്നോട്ട് നയിക്കേണ്ടതുണ്ട്. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് തുടങ്ങിവെച്ച പദ്ധതികൾ പൂർത്തിയാക്കും. പുതിയ പദ്ധതികൾ മുൻഗണനാടിസ്ഥാനത്തിൽ നടപ്പാക്കുനുള്ള കർമ്മ പദ്ധതിയ്ക്ക് തുടക്കം കുറിക്കുകയാണ്.
സി.പി. മുസാഫർ അഹമ്മദ്,
ഡെപ്യൂട്ടി മേയർ