
കോഴിക്കോട്: തെങ്ങുകയറ്റവും കാട് വെട്ടലും മാത്രമല്ല കൃഷിയിലും വളം നിർമാണത്തിലും ചുവടുറപ്പിക്കാൻ സ്വാഭിമാൻ. കൃഷിയിടങ്ങൾ ഏറ്റെടുത്ത് ഒറ്റയ്ക്കോ സംഘമായോ കൃഷി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് സ്വാഭിമാൻ സോഷ്യൽ സർവീസ് ആൻഡ് ചാരിറ്റബിൾ സൊസെെറ്റിയുടെ നൂതന പദ്ധതി. ഇതിനായി അംഗങ്ങൾക്കുള്ള പരിശീലനം കൃഷിഭവനുകൾ വഴി നൽകും. മാലിന്യങ്ങൾ യന്ത്ര സഹായത്താൽ പൊടിച്ച് പായ്ക്കറ്റ് വളം ഉണ്ടാക്കുകയാണ് വളം നിർമാണത്തിലൂടെ സ്വാഭിമാൻ ലക്ഷ്യമിടുന്നത്. ചെറുതായെങ്കിലും പലയിടത്തും പദ്ധതിക്ക് തുടക്കമിട്ടുകഴിഞ്ഞു. സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികളും അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള ആലോചനകളും പുരോഗമിക്കുകയാണ്.
പദ്ധതിയിലുൾപ്പെട്ട തൊഴിലാളികളുടെയും കുടുംബത്തിൻെറയും സാമ്പത്തിക- സാമൂഹിക പരിരക്ഷയ്ക്കായി ഇന്‍ഷുറന്‍സ് സ്‌കീമും സ്വാഭിമാൻ ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ പ്പെട്ടവർക്ക് 11 ലക്ഷം രൂപ വരെ ലഭിക്കും. 2010 ജനുവരിയിലാണ് ജില്ലാ കളക്ടർ ഡോ. പി ബി സലീമിന്റെ നേതൃത്വത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ സഹായത്തോടെ തൊഴില്‍ രഹിതരായ അഭ്യസ്തവിദ്യര്‍ക്കായി പദ്ധതി നിലവില്‍ വന്നത്. ഉപഭോക്താക്കൾ ആവശ്യമനുസരിച്ച് സ്വാഭിമാന്‍ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ വഴിയോ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ബുക്കിംഗ് ചെയ്യുന്നവര്‍ക്ക് രജിസ്റ്റര്‍ നമ്പര്‍ ലഭിക്കും. തുടർന്ന് ഉപഭോക്താവിന് സ്വാഭിമാൻ പ്രതിനിധിയുടെ നമ്പർ നല്‍കും. ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് പ്രതിനിധി അടുത്തെത്തും. തെങ്ങുകയറ്റം, കാട് വെട്ടൽ , പ്രസവ ശ്രുശ്രൂഷ, വീട്ടുജോലി, പ്ലംബിംഗ്, ഇലക്ട്രിക്കല്‍ വര്‍ക്ക്, എ സി മെക്കാനിക് തുടങ്ങി 27 ഓളം തൊഴിൽ മേഖലകളിലായി 150 ഓളം ആളുകൾ സ്വാഭിമാന്‍ പദ്ധതിയിലുണ്ട്.
"പൊതുജനങ്ങള്‍ക്ക് ആവശ്യമായ ഏത് സേവനവും നല്‍കുകയെന്നതാണ് സ്വാഭിമാൻെറ പ്രധാന ഉദ്ദേശ്യം. ഇനിയും കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യേണ്ടതുണ്ട്. അതിന് സർക്കാരിൻെറ പിന്തുണ ആവശ്യമാണ്." - ഉണ്ണികൃഷ്ണൻ, സെക്രട്ടറി / കോർഡിനേറ്റർ ,
സ്വാഭിമാൻ സോഷ്യൽ സർവീസ് ആൻഡ് ചാരിറ്റബിൾ സൊസെെറ്റി
വിളിച്ചാൽ വിളിപ്പുറത്ത്
5 മണി കഴിഞ്ഞാലും ജോലി, അവധി ദിനങ്ങളിൽ അടിയന്തര സേവനം രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ... ഇതാണ് സ്വാഭിമാനിലെ പ്ലംബിംഗ് ഹെഡും എക്സിക്യുട്ടീവ് മെമ്പറുമായ ടി.കെ നൗഷാദിനെ വ്യത്യസ്തനാക്കുന്നത്. പ്ലംബിംഗുമായി ബന്ധപ്പെട്ട് ഏത് ജോലിയ്ക്കും കർമ്മനിരതനായി ഇദ്ദേഹം തുടക്കംതൊട്ടേ സ്വാഭിമാൻെറ കൂടെയുണ്ട്.