കോഴിക്കോട്: എതിർപ്പിനെ ചർച്ചകൊണ്ട് മയപ്പെടുത്തി കോർപ്പറേഷൻ ബഡ്ജറ്റിന് അംഗീകാരം. ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് അവതരിപ്പിച്ച 2020 - 21 വർഷത്തെ പുതുക്കിയ ബഡ്‌ജറ്റും 2021- 22 വർഷത്തെ മതിപ്പ് ബഡ്‌ജറ്റും കൗൺസിൽ യോഗം രണ്ട് ദിവസത്തെ ചർച്ചയ്ക്കൊടുവിൽ ഐക്യകണ്ഠേന അംഗീകരിച്ചു. പ്രതിപക്ഷം ശക്തമായ എതിർപ്പുയർത്തിയെങ്കിലും സമവായ ഫോർമുലയിലൂടെ ഭേദഗതികളൊന്നുമില്ലാതെ ബഡ്ജറ്റിന് അംഗീകാരം നേടിയെടുക്കുകയായിരുന്നു.
ഭിന്നശേഷിക്കാർക്ക് ആവശ്യമായ പരിഗണന നൽകുന്ന പദ്ധതികളും വാർഡ് വികസനത്തിന് ഫണ്ട് അനുവദിക്കുന്നതും പരിഗണിക്കും. തെരുവ് വിളക്കുകൾ കത്തിക്കുന്നതിലെ പരാതി പരിഹരിക്കും. അംഗൻവാടി നവീകരിക്കുന്നതിന് പദ്ധതി, ചെലവൂരിൽ നഗര കവാടം നിർമിക്കൽ, നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കൽ, കുടുംബശ്രീ ഹരിതകർമസേന നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കൽ തുടങ്ങി ബഡ്ജറ്റിൽ ഉൾപ്പെടാതെ പോയതും അംഗങ്ങൾ ഉന്നയിച്ചതുമായ കാര്യങ്ങൾ പരിഗണിക്കുമെന്ന് മറുപടിയിൽ ഡെപ്യൂട്ടി മേയർ ഉറപ്പ് നൽകി.
ബഡ്ജറ്റ് ചർച്ച ആരംഭിക്കുമ്പോൾ കോർപ്പറേഷൻ സെക്രട്ടറി ഒഴികെ ഉദ്യോഗസ്ഥർ കൗൺസിൽ യോഗത്തിൽ എത്താതിരുന്നതിനെ മേയർ ബീന ഫിലിപ്പ് വിമർശിച്ചു. കൗൺസിൽ നടപടി ആരംഭിക്കാനുള്ള ബെൽ അടിച്ച ശേഷം കൗൺസിലർമാർ എത്തിയിട്ടും ഉദ്യോഗസ്ഥർ യോഗത്തിന് എത്തിയിരുന്നില്ല. സെക്രട്ടറി കെ.യു ബിനി മാത്രമാണ് സീറ്റിൽ ഉണ്ടായിരുന്നത്.
വി.കെ മോഹൻദാസാണ് ഇന്നലെ നടന്ന ചർച്ചയ്ക്ക് തുടക്കമിട്ടത്. ഭരണപക്ഷ അംഗങ്ങൾ ബഡ്ജറ്റിനെ പിന്തുണച്ച് സംസാരിച്ചപ്പോൾ പഴയ പദ്ധതികളാണ് രൂപം മാറ്റി അവതരിപ്പിച്ചതെന്നും കൺസൾട്ടൻസി ഭരണമാണ് നടക്കുന്നതെന്നും പ്രതിപക്ഷം വിമർശിച്ചു. പദ്ധതി നടത്തിപ്പിലെ കാലതാമസം, അമൃത് ഫണ്ട്, എ.പ്രദീപ്കുമാർ എം.എൽ.എയും എം.കെ മുനീർ എം.എൽ.എയും നടപ്പാക്കിയ പദ്ധതികൾ, 45 വർഷക്കാലം കോർപ്പറേഷനിലുണ്ടായ മാറ്റങ്ങൾ, കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ എന്നിവയും ചർച്ച ചെയ്യപ്പെട്ടു.
ഇതിനിടെ ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ ടി. രനീഷ് ഉപയോഗിച്ച യൂസ് ലസ് ഓഫീസ് എന്ന പ്രയോഗം സഭയിൽ വാക്കേറ്റത്തിന് ഇടയാക്കി. സഭയിൽ വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മേയർ ഓർമ്മിപ്പിച്ചു. ഈ വാക്ക് രേഖകളിൽ നിന്ന് ഒഴിവാക്കണമെന്ന് വി.കെ മോഹൻദാസ് ആവശ്യപ്പെട്ടു. കോൺഗ്രസ് അംഗം എസ്.കെ അബൂബക്കർ ഭരണപക്ഷ അംഗങ്ങളുമായി നിരവധി തവണ കൊമ്പുകോർത്തു.
സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ഒ.പി ഷിജിന, പി.സി രാജൻ, സി.രേഖ, കെ. കൃഷ്ണകുമാരി, ഡോ.എസ്. ജയശ്രീ, പി.കെ നാസർ, പി.ദിവാകരൻ അംഗങ്ങളായ ഒ. സദാശിവൻ, എം.സി. അനിൽകുമാർ, എൻ.സി. മോയിൻകുട്ടി, വരുൺഭാസ്കർ, വി.കെ. മോഹൻദാസ്, എൻ. ശിവപ്രസാദ്, സാഹിദ സുലൈമാൻ, കെ. റീജ, ടി. സുരേഷ്കുമാർ, കെ. മോഹനൻ, റഫീന അൻവർ, കെ.പി രാജേഷ്കുമാർ, ടി.കെ ഷമീന, എം. ഗിരിജ, പി. ഉഷാദേവി, ടി.മുരളീധരൻ, എടവഴിപ്പീടികയിൽ സഫീന, വി.പി മനോജ്, പ്രേമലത തെക്കുവീട്ടിൽ, കൊല്ലരത്ത് സുരേശൻ, എം.പി ഷഹർബാൻ, പി.പി നിഖിൽ, പി. ഷീബ, സി.പി സുലൈമാൻ, കെ. രാജീവ്, എസ്.എം തുഷാര, പി.മുഹസിന എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
സ്വപ്ന ബഡ്ജറ്റ് തന്നെ: ഡെപ്യൂട്ടി മേയർ
കോഴിക്കോട്: നടപ്പാക്കേണ്ട സ്വപ്നങ്ങളാണ് ബഡ്ജറ്റിലുള്ളതെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു. ഇത് തന്റെ മാത്രം സ്വപ്നമല്ല, നഗരത്തിന്റെ ആകെ സ്വപ്നവും പ്രതീക്ഷയുമാണ്. ജനവികാരം മാനിച്ചാണ് ഓരോ പദ്ധതികളും രൂപികരിച്ചത്. നടപ്പിലായ പദ്ധതികളല്ല നടപ്പാക്കാനുള്ളവയാണ് ബഡ്ജറ്റിൽ അവതരിപ്പിക്കുന്നത്. യാഥാർത്ഥ്യബോധത്തോടെയുള്ളതാണ് എല്ലാപദ്ധതികളും. രാജ്യത്തെ സാമ്പത്തിക നയം നഗരസഭയെയും ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബഡ്ജറ്റ് ആലീസ് ഇൻ വണ്ടർലാന്റ് പോലെ: യു.ഡി.എഫ്
കോഴിക്കോട് : ആലീസ് ഇൻ വണ്ടർലാന്റ് പോലെ സ്വപ്നങ്ങൾ മാത്രമാണ് ബഡ്ജറ്റെന്നും പ്രായോഗികത ഇല്ലെന്നും പ്രതിപക്ഷ നേതാവ് കെ.സി ശോഭിത വിമർശിച്ചു. നവീകരിച്ച മിഠായിത്തെരുവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാത്ത കോർപ്പറേഷന് വലിയങ്ങാടിയിൽ എങ്ങനെ ഉറങ്ങാത്ത തെരുവ് നടപ്പാക്കാനാകും. 75 വാർഡുകളിലെയും ജനങ്ങൾക്ക് ഉറങ്ങാൻ സാധിക്കാത്ത രാത്രിയാണ് നഗരഭരണം സമ്മാനിക്കുന്നതെന്ന് ശോഭിത കുറ്റപ്പെടുത്തി. ഫണ്ട് അനുവദിക്കാത്ത സംസ്ഥാന സർക്കാറിനെതിരെ മിണ്ടാൻ പോലും ധൈര്യമില്ലാത്തവരാണ് ഭരണപക്ഷം. 90 കോടി രൂപ സംസ്ഥാന സർക്കാറിൽ നിന്ന് ലഭിക്കാനുണ്ടെന്ന് കെ. മൊയ്തീൻകോയ പറഞ്ഞു. സൂപ്പർ കൗൺസിലാകാൻ സാദ്ധ്യതയുള്ള കൺസൾട്ടേറ്റീവ് കമ്മിറ്റി വേണ്ടെന്നും വാർഡ് ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നടക്കുന്നത് അമൃത് പ്രവൃത്തികൾ മാത്രം : ബി.ജെ.പി
കോഴിക്കോട്: അമൃത് ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികൾ മാത്രമാണ് കോർപ്പറേഷനിൽ നടക്കുന്നതെന്ന് ബി.ജെ.പി കൗൺസിലർ നവ്യ ഹരിദാസ് പറഞ്ഞു. കോർപ്പറേഷൻ പ്രഖ്യാപിച്ച പാർക്കിംഗ് പ്ലാസകൾ എവിടെയും എത്തിയിട്ടില്ല. തെരുവ് വിളക്ക് സ്ഥാപിക്കൽ പൂർത്തിയായില്ല. കനോലി കനാൽ നവീകരണം പരാജയമായി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായവരെ കുറിച്ച് ബഡ്ജറ്റിൽ പരാമർശം ഉണ്ടായില്ല. നഗരത്തെ സ്മാർട്ട് സിറ്റിയാക്കാനും മൊബിളിറ്റ് ഹബ് സ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകണമെന്നും അവർ പറഞ്ഞു. പേപ്പർ ലസ് ഓഫീസുൾപ്പെടെയുള്ള പദ്ധതികൾ പഴയതാണെന്നും അമൃത് പദ്ധതി തുക പൂർണമായി ഉപയോഗപ്പെടുത്തുന്നില്ലെന്നും ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ ടി. രനീഷ് പറഞ്ഞു.