വടകര: നഗരസഭയിലെ ഹരിയാലി ഹരിതകർമ്മ സേന അജൈവ മാലിന്യ ശേഖരണത്തോടൊപ്പം ടൂറിസം സംരംഭ രംഗത്തേക്ക് കൂടി കടക്കുന്നു. മുനിസിപ്പൽ പാർക്ക്, സാൻഡ് ബാങ്ക്സ് എന്നിവ കേന്ദ്രീകരിച്ച് വനിതകൾക്ക് കൂടി തൊഴിലും വരുമാനവും ലഭ്യമാക്കുന്ന ഹരിത ഭവന ടൂറിസം സംരംഭമാണ് കുടുംബശ്രീ മുഖേന വിഭാവനം ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഹരിത ഭവനങ്ങളിൽ ടൂറിസ്റ്റുകൾക്കായി ഹോംസ്റ്റേ സൗകര്യം ഒരുക്കും. നാടൻ ഭക്ഷണമായിരിക്കും വിളമ്പുക. പ്രാദേശിക കലാപരിപാടികളും സംഘടിപ്പിക്കും.

വീട്ടുകാർക്ക് ദിവസം 1000 രൂപ താമസത്തിനു ഉറപ്പാക്കും. ഭക്ഷണത്തിൽ നിന്നുള്ള വരുമാനവും ലഭിക്കും.

മുനിസിപ്പൽ പാർക്കിൽ കുട്ടികൾക്കെന്ന പോലെ മുതിർന്നവർക്കും വിനോദത്തിനുള്ള സൗകര്യങ്ങൾ തീർക്കും. ഏറുമാടം, വാട്ടർ സ്‌പോർട്‌സ്, ഗെയിം സോൺ എന്നിവയുണ്ടാകും. ആർട്ട് ഗാലറിയിൽ ചിത്രകാരന്മാരുടെ ചിത്രപ്രദർശനം ഒരുക്കും. മുതിർന്നവർക്ക് 10 രൂപയും 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അഞ്ച് രൂപയുമാണ് ടിക്കറ്റ് നിരക്ക്. കലാപരിപാടികൾക്ക് ഓപ്പൺ സ്റ്റേജ് ഉപയോഗപ്പെടുത്താം. 130 പേർക്ക് ഇരിക്കാവുന്ന മിനി ഓഡിറ്റോറിയം, വ്യത്യസ്ത രുചിക്കൂട്ടുകളുമായുള്ള കഫെറ്റീരിയ, സ്‌നാക്‌സ് പാർലർ, പുഷ്പഫല പ്രദർശനം, അക്വേറിയം എന്നിവയുമുണ്ടാകും.

വിഖ്യാത ചിത്രകാരൻ ഷിനോജ് അക്കരപ്പറമ്പിലിന്റെ ‘ബർത്ത് ആൻഡ് റീ ബർത്ത് ’ എന്ന ചിത്രപ്രദർശനത്തോടെയാണ് 20ന് പാർക്ക് തുറക്കുകയെന്ന് മുനിസിപ്പൽ ചെയർമാൻ കെ.പി.ബിന്ദു അറിയിച്ചു. കേരള ലളിതകലാ അക്കാദമിയുടെ പുരസ്കാരം നേടിയ ഇദ്ദേഹത്തിന് അമേരിക്കയിലെ ജാക്‌സൺ പൊള്ളോക് ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.