
കുറ്റ്യാടി: സംസ്ഥാന വൈദ്യുതി വകുപ്പ് 80 കോടി ചെലവിൽ പൂർത്തീകരിച്ച കാവിലുംപാറ ഗ്രാമ പഞ്ചായത്തിലെ ചാത്തൻക്കോട്ട് നട മിനി ജലവൈദ്യുതി പദ്ധതി ഫെബ്രുവരി 21ന് രാവിലെ 10 മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നാടിന് സമർപ്പിക്കും. ചടങ്ങിൽ ഇ കെ.വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ടി.പി. രാമകൃഷ്ണൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. 6 മെഗാ വോട്ട് ആണ് ഉല്പാദനശേഷി. ഉദ്ഘാടനത്തിന് മുന്നോടിയായി ഇ.കെ വിജയൻ എം.എൽ.എയുടെ നേതൃത്വത്തിൽ വൈദ്യുതി വകുപ്പ് ഡയറക്ടർ (ജനറേഷൻ) ആർ.സുകു, ചീഫ് എഞ്ചിനിയർ സിജി ജോസ്, പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ് ,പ്രൊജക്ട് മാനേജർ മാത്യു എം. ഉൾപ്പെട്ട സംഘം പവർ ഹൗസ് സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. കരിങ്ങാടും പൂതം പാറയിലുമുള്ള ചെക്ക് ഡാമുകളിൽ സംഭരിക്കുന്ന വെള്ളം പെൻ സ്റ്റോക്ക് വഴി കൂടലിലുള്ള പവർ ഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുക. തുടർന്ന് ഭൂഗർഭ കേബിൾ വഴി കുറ്റിയാടി സബ് സ്റ്റേഷനിൽ എത്തിക്കും. രണ്ട് ഫീഡർ വഴി തെട്ടിൽപ്പാലത്തും പരിസര പ്രദേശത്തും വൈദ്യുതി നൽകാൻ കഴിയുമെന്നും കുറ്റ്യാടിയിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ ഇ.കെ.വിജയൻ എം.എൽ.എ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ സലിം എൻ.ഇ, രാധാ കൃഷ്ണൻ, ജനപ്രതിനിധികളായ ശ്രീധരൻ കെ.കെ, അനിൽ പരപ്പുമ്മൽ എന്നിവർ പറഞ്ഞു.