1

പേരാമ്പ്ര: ഭരണനേട്ടങ്ങൾ നിരത്തിയും രാഷ്ട്രീയ സംവാദങ്ങൾക്ക് തിരികൊളുത്തിയും സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ നയിക്കുന്ന എൽ.ഡി.എഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ പ്രയാണം തുടരുന്നു. ഇന്നലെ പേരാമ്പ്രയിലെ സ്വീകരണ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. സർക്കാർ നടപ്പിലാക്കിയ വികസനത്തെ തമസ്‌കരിക്കാനുള്ള പ്രതിപക്ഷ നീക്കം വിലപ്പോവില്ലെന്ന് എ. വിജയരാഘവൻ പറഞ്ഞു. മതമൗലിക ശക്തികൾ കേന്ദ്ര ഭരണത്തിൽ പിടിമുറുക്കിയ സാഹചര്യത്തിൽ ജനാധിപത്യ, മതേതരത്വ പരിപോഷണത്തിന് എൽ.ഡി.എഫിന് മുഖ്യ ചുമതല വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ വികസന സംരംഭങ്ങളെ തമസ്‌കരിച്ച് സർക്കാരിനെ ദുർബലപ്പെടുത്താനുള്ള യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ശ്രമം കേരളത്തിൽ വിലപ്പോവില്ലെന്ന് സി.പി.ഐ നേതാവ് കെ.പി രാജേന്ദ്രൻ പറഞ്ഞു. മന്ത്രി ടി.പി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കെ. കുഞ്ഞമ്മത്, എ.കെ പദ്മനാഭൻ, എൻ.കെ രാധ, പി. സതീദേവി, എ.കെ ബാലൻ, കെ.കെ ബാലൻ, പി.ടി ജോസ്, കെ.പി മോഹനൻ, മനയത്ത് ചന്ദ്രൻ, പി.കെ രാജൻ, കെ.ലോഹ്യ, കാസിം ഇരിക്കൂർ, ബാബു ഗോപിനാഥ്, ജോസ് ചെമ്പേരി, ബിനോയ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. എ.കെ ചന്ദ്രൻ സ്വാഗതം പറഞ്ഞു.