kovid-test

പുൽപ്പള്ളി: കേരളത്തിൽ നിന്നുള്ളവർക്ക് കൊവിഡ് പരിശോധന റിപ്പോർട്ട് നിർബന്ധമാക്കിയത് കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വയനാട്ടിൽ നിന്നടക്കമുള്ള വിദ്യാർത്ഥികൾക്ക്‌ ബുദ്ധിമുട്ടായി. കർണാടക സർക്കാർ കഴിഞ്ഞ ദിവസം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി ഉത്തരവിട്ടിരുന്നു. ഇതോടെ വിദ്യാർത്ഥികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ്. പരിശോധനയ്ക്ക് 1700 രൂപ വരെ നൽകണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് പ്രയാസമായി.

കർണാടകയിൽ വയനാട്ടിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ക്ലാസ്സുകൾ തുടങ്ങിയിട്ടുണ്ട്. ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളെ കോളേജിൽ കൊണ്ടുചെന്നാക്കാൻ രക്ഷിതാക്കൾ അടക്കമാണ്‌ പോകുന്നത്. അവർക്കും കൊവിഡ് പരിശോധന നിർബന്ധമാണ്. ഇതോടെ കർണാടകയിലേക്ക് പോകേണ്ടവരെല്ലാം പരിശോധനാ ഫലവുമായി പോകേണ്ട സ്ഥിതിയാണ്. വയനാട്ടിലെ സർക്കാർ ആശുപത്രികളിൽ കൊവിഡ്‌ രോഗലക്ഷണം ഉള്ളവർക്ക് മാത്രമാണ് ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നത്. വിദ്യാർത്ഥികളെ സ്വകാര്യ ആശുപത്രികളിലേക്കാണ് പറഞ്ഞുവിടുന്നത്.