മുക്കം: കൊവിഡിൽ പ്രതിസന്ധിയിലായ പാലിയേറ്റീവ് പ്രവർത്തനത്തിന് ജീവൻ നൽകാൻ ഗ്രെയ്സ്പാലിയേറ്റീവ് കെയർ ക്ലിനിക്ക് സംഘടിപ്പിക്കുന്ന ബിരിയാണി ചാലഞ്ച് നാളെ നടക്കും. പാചകവും വിതരണവും നടക്കുന്ന ചേന്ദമംഗല്ലൂർ പുൽപ്പറമ്പിലെ എൻ.സി ഓഡിറ്റോറിയത്തിൽ വിഭവങ്ങളെത്തി തുടങ്ങി. പൂർണമായും സൗജന്യമായാണ് വിഭവ സമാഹരണം. ബിരിയാണി അരി മുക്കം ഗൾഫ് ഗോൾഡ് ഉടമയുടെ വകയെത്തി. പാചക തൊഴിലാളികളുടെ സംഘടനയായ കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് ഫെഡറേഷൻ പ്രതിഫലം കൂടാതെ പാചകം ചെയ്യും. ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനം നോർത്ത് കാരശ്ശേരി സി.എം സൗണ്ടിന്റെ സംഭാവനയാണ്. എൻ.സി ഓഡിറ്റോറിയം അനുവദിച്ചതും സൗജന്യമായി. വിഭവ സമാഹരണത്തിൽ പല പ്രദേശങ്ങളും കൂട്ടായ്മകളും സ്ഥാപനങ്ങളും റസിഡൻസ് അസോസിയേഷനുകളും വ്യാപാരികളും വ്യക്തികളും കൈകോർത്തതായി ഭാരവാഹികൾ പറഞ്ഞു. ബിരിയാണി ചാലഞ്ചിന്റെ തത്സമയ സംപ്രേഷണവും ഒരുക്കിയിട്ടുണ്ടെന്ന് പബ്ലിസിറ്റി ചെയർമാൻ എ.സി നിസാർ ബാബു പറഞ്ഞു. ഗൾഫ് നാടുകളിലും ഇതിന്റെ ഭാഗമായി ബിരിയാണി ചാലഞ്ചുകൾ നടക്കുന്നുണ്ട്. യു. എ. ഇ യിലും സൗദിയിലെ ജിദ്ദയിലും ഇന്നാണ് ബിരിയാണി ചാലഞ്ച്.