1

എടച്ചേരി: യു.ഡി.എഫ് - സി.പി.എം ജാഥകൾ നേർക്കുനേർ എത്തിയതോടെയുണ്ടായ ഏറ്റുമുട്ടലിൽ 6 പേർക്ക് പരിക്കേറ്റു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി പൊയിലിൽ അനീഷ് കുമാർ (48), പുതിയോട്ടിൽ ബഷീർ (45), കൊളക്കാട്ട് സമീർ (42),
കമ്മോളി അബൂബക്കർ (42) എന്നിവർക്കും സി.പി.എം പ്രവർത്തകരായ സാരംഗ് കുന്നുമ്മൽ (20 ) ടി.പി അഖിൽ (30 ) എന്നിവർക്കുമാണ് പരിക്ക്. കോൺഗ്രസ് പ്രവർത്തകരെ നാദാപുരം താലൂക്ക് ആശൂപത്രിയിലും സി.പി.എം പ്രവർത്തകരെ വടകര സഹകരണ ഹോസ്‌പിറ്റലിലും പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഘർഷം. യു.ഡി.എഫ് പ്രകടനത്തിനു നേരെ സി.പി.എമ്മുകാർ ആക്രമമഴിച്ചുവിടുകയായിരുന്നുവെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.

എടച്ചേരി 12,13 വാർഡുകളിലെ തെരുവുവിളക്കുകൾ ഇലക്ട്രിസിറ്റി ജീവനക്കാർ അഴിച്ചു കൊണ്ടുപോയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ തലായിയിൽ നിന്ന് എടച്ചേരിയിലേക്ക് പ്രകടനം നടത്തിയതായിരുന്നു. ഇത് എടച്ചേരി ടൗണിലെത്തിയതോടെ സി.പി.എം പ്രവർത്തകരും പ്രകടനവുമായി വന്നതോടെയായിരുന്നു സംഘർഷം. കോൺഗ്രസ് ഏറ്റുമുട്ടലിന് പിറകെ യു.ഡി.എഫ് പ്രവർത്തകർ എടച്ചേരി ടൗണിൽ റോഡ് ഉപരോധിച്ചു. കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.