വടകര: ഏതു വിഷയത്തിലും ശരിയുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന മഹത്തായ പാരമ്പര്യമാണ് കേരളകൗമുദിയുടേതന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു.
കേരള സംസ്ഥാനം രൂപീകൃതമാവുന്നതിനും പതിറ്റാണ്ടുകൾക്ക് മുമ്പാണ് കേരളകൗമുദിയുടെ പിറവി. പത്രാധിപർ എന്നാൽ കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരനാണ്. ശരികൾക്ക് വേണ്ടി തുറന്ന് എഴുതാനും സധൈര്യം ശബ്ദിക്കാനും അസാമാന്യ ചങ്കൂറ്റം കാണിച്ചിട്ടുണ്ട് അദ്ദേഹം. ആ പാരമ്പര്യം പത്രം കാത്തുസൂക്ഷിക്കുന്നുണ്ട്. കേരളകൗമുദി 110-ാം വാർഷികത്തോടനുബന്ധിച്ചുള്ള ജില്ലയിലെ ആഘോഷച്ചടങ്ങ് എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ മന്ദിരത്തിലെ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ. മുഖം നോക്കാതെ വിമർശിക്കുന്ന കേരളകൗമുദിയുടെ ശൈലി പലപ്പോഴും ശത്രുക്കളെ സൃഷ്ടിച്ചിട്ടുണ്ട്. അതിലൊന്നും പത്രം കുലുങ്ങിയിട്ടില്ല. പ്രതിസന്ധികളെയൊക്കെ അതിജീവിക്കാൻ കേരളകൗമുദിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച വാർത്തകൾ പലതും അവകാശപ്പെടാനുണ്ട് കേരളകൗമുദിയ്ക്ക്. എൺപതുകളുടെ തുടക്കത്തിൽ വനം കൊള്ളയെക്കുറിച്ച് വന്ന വാർത്ത കേരളത്തെ ആകെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ പിന്നാക്ക വിഭാഗക്കാർ വല്ലാതെ തഴയപ്പെട്ടത് കേരളകൗമുദി കണക്കുകൾ സഹിതം അവതരിപ്പിക്കുകയായിരുന്നു. അത് കോൺഗ്രസിലുൾപ്പെടെ ചർച്ചകൾക്ക് വഴിയൊരുക്കി. നിയമസഭ തിരഞ്ഞെടുപ്പിൽ പിന്നാക്ക വിഭാഗക്കാർക്ക് അർഹമായ സീറ്രുകൾ നൽകാൻ പാർട്ടിയിൽ ധാരണയുമായി. എക്കാലവും കേരള രാഷ്ട്രീയത്തിലെ ഗതിവിഗതികൾ നിർണയിക്കുന്നതിൽ കേരളകൗമുദി മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. നിയമസഭയിൽ ഭരണപക്ഷത്തിനെതിരെ വസ്തുതകൾ വെച്ച് പൊരുതാൻ താൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് കേരളകൗമുദിയാണെന്നും മുരളീധരൻ പറഞ്ഞു. ചടങ്ങിൽ കോഴിക്കോട്ടെ മുതിർന്ന ഏജന്റുമാരായ ഒ.പി.രാജൻ (വടകര), പി.ഹരിദാസൻ (കൊയിലാണ്ടി), ബാബുരാജ് (ഇരിങ്ങൽ) എന്നിവരെ മുരളീധരൻ പൊന്നാട അണിയിച്ച് ആദരിച്ചു. ഉപഹാരവും നൽകി. എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ സെക്രട്ടറി യൂണിയൻ സെക്രട്ടറി പി.എം രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള കേരളകൗമുദി പിന്നാക്ക സമുദായങ്ങളുടെ ഉന്നമനത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എന്നും സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥിനിർണയത്തിൽ തുടർച്ചയായി പിന്നാക്ക വിഭാഗക്കാർ അവഗണിക്കപ്പെടുന്നതിനെതിരെ പത്രം നിശിതവിമർശനമാണ് ഉയർത്തിയത്. ആ വിലയിരുത്തലിന് വരുന്ന തിരഞ്ഞെടുപ്പിൽ ഫലമുണ്ടാവുമെന്നാണ് പ്രതീക്ഷ. കോഴിക്കോട് യൂണിറ്റ് ചീഫ് എം.പി ശ്യാംകുമാർ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ പ്രസിഡന്റ് എം.എം ദാമോദരൻ സംസാരിച്ചു. സർക്കുലേഷൻ മാനേജർ വി.വി ദിലീപ് കുമാർ ഏജന്റുമാരെ പരിചയപ്പെടുത്തി. വടകര ലേഖകൻ ബാലകൃഷ്ണൻ വെള്ളികുളങ്ങര സ്വാഗതവും ടെറിട്ടറി ഓഫീസർ വിനോദ് സവിധം നന്ദിയും പറഞ്ഞു.