
കോഴിക്കോട്: പാലക്കാട് ഡിവിഷനിൽ റെയിൽവേ ഭൂമി വ്യാപകമായി കൈയേറി റോഡും ഓവുചാലുകളും പണിയുന്നതായി കണ്ടെത്തൽ. വിനിമയ ബന്ധത്തിൽ ഇടയ്ക്കിടെയുണ്ടാകുന്ന തടസം പരിശോധിച്ച റെയിൽവേ സുരക്ഷാ വിഭാഗമാണ് ഭൂമി കൈയേറ്റം കൈയോടെ പിടികൂടിയത്. റെയിൽവേ പാളത്തോട് ചേർന്ന് താമസിക്കുന്ന വീട്ടുകാരാണ് ഇരുചക്ര വാഹനം, ഓട്ടോറിക്ഷ, കാർ എന്നിവയ്ക്ക് പോകാൻ കഴിയും വിധം തരംപോലെ റോഡുകൾ നിർമ്മിക്കുന്നത്. റെയിൽവേ ഭൂമിയിൽ പ്രവൃത്തി നടത്താൻ റെയിൽവേയുടെ മുൻകൂർ അനുവാദം വാങ്ങണം. സിഗ്നൽ സംവിധാനത്തിന്റെയും വിനിമയ ബന്ധത്തിന്റെയും കാബിളുകൾ കടന്നുപോകുന്നത് ട്രാക്കിനോട് ചേർന്നുള്ള ഭൂമിയിലൂടെയാണ്. ഇതൊന്നും മനസിലാക്കാതെയാണ് സ്വകാര്യ വ്യക്തികളുടെ റോഡ് നിർമാണവും ഓവുചാൽ വെട്ടലും.
ചില ഭാഗങ്ങളിൽ മഴ വെള്ളം ഒഴുകിപ്പോകാൻ സ്ഥാപിച്ച ഓവുചാലുകളിൽ കോൺക്രീറ്റ് സ്ളാബ് സ്ഥാപിച്ച് മഴവെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് ട്രാക്കുകളുടെ ബലക്ഷയത്തിന് കാരണമാകാൻ സാദ്ധ്യതയുണ്ടെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. റെയിൽവേ ഭൂമി മാലിന്യ നിക്ഷേപ കേന്ദ്രമായി ഉപയോഗിക്കുന്നവരുമുണ്ട്.ശുചിത്വത്തിന് മുന്തിയ പരിഗണന റെയിൽവേ നൽകുമ്പോഴാണ് പൊതുജനങ്ങളുടെ ഭൂമി കൈയേറിയുള്ള മാലിന്യ നിക്ഷേപം.
ബോധവത്ക്കരണം നടത്തും
ജനങ്ങളുടെ അജ്ഞത കാരണം റെയിൽവേയ്ക്കും യാത്രക്കാർക്കും ഉണ്ടാകുന്ന അസൗകര്യങ്ങളും നഷ്ടങ്ങളും പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ഇത്തരം കേന്ദ്രങ്ങളിൽ ബോധവത്ക്കരണം നടത്താനാണ് റെയിൽവേയുടെ തീരുമാനം. ഇത്തരം പ്രവൃത്തികൾ കുറ്റകരമാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തും. തുടരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
കുറ്റവും ശിക്ഷയും
റെയിൽവേ സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിച്ചാൽ 500 രൂപ മുതൽ 2000 വരെയാണ് പിഴ. റെയിൽവേ സ്ഥലം കൈയേറി യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ റെയിൽവേ ആക്ട് 153 അനുസരിച്ച് 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.