kozhikode-airport

കോഴിക്കോട്: വിമാനാപകടത്തെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിർത്തിവെച്ച വൈഡ് ബോഡി വിമാന സർവീസുകൾ പുനരാരംഭിക്കാൻ നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി ഉറപ്പുനൽകിയതായി എം.കെ രാഘവൻ എം.പി. വ്യോമയാന മന്ത്രാലയത്തിൽ നടന്ന ചർച്ചയിലാണ് മന്ത്രി ഉറപ്പ് നൽകിയതെന്ന് എം.പി പറഞ്ഞു. കോഴിക്കോട് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് എം.കെ രാഘവൻ സമർപ്പിച്ച ബദൽ മാസ്റ്റർ പ്ലാൻ പ്രധാന്യത്തോടെ പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

വൈഡ് ബോഡി സർവീസ് ഉടൻ ആരംഭിക്കുക, ബദൽ മാസ്റ്റർ പ്ലാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുക, അന്താരാഷ്ട്ര സെക്ടിൽ മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകളും ആഭ്യന്തര സെക്ടറിൽ കോഴിക്കോട് നിന്ന് മെട്രോ നഗരങ്ങളിലേക്ക് കൂടുതൽ സൗകര്യപ്രദമായ സമയങ്ങളിലെ സർവീസുകൾക്കൊപ്പം തിരുവനന്തപുരം, ലക്ഷദ്വീപ്, അഹമ്മദാബാദ്, ഗോവ, ശ്രീനഗർ, കൊൽകൊത്ത സർവീസുകളും ആരംഭിക്കണമെന്ന് എം.പി ചർച്ചയിൽ ആവശ്യപ്പെട്ടു.

മന്ത്രിയുടെ നിർദ്ദേശാനുസരണം സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അരുൺ കുമാറുമായും എം.കെ രാഘവൻ എം.പി ചർച്ച നടത്തി. എയർപോർട്ട് അതോറ്റി പ്ലാനിംഗ് മെമ്പർ എ.കെ പഥകും പങ്കെടുത്തു.