fausya

കോഴിക്കോട്: ഫുട്ബാൾ ജീവവായുവായിരുന്നു ഫൗസിയ മാമ്പറ്റയ്ക്ക്. അർബുദം ബാധിച്ച് വയ്യാതായപ്പോൾ പോലും കളിക്കളം വിട്ട് ഒരു ജീവിതമുണ്ടായിരുന്നില്ല കേരളത്തിന്റെ പ്രിയപ്പെട്ട ഫുട്ബാൾ വുമണിന്. ഒടുവിൽ ഇന്നലെ വിട ചൊല്ലുന്നതു വരെയും കോച്ചിംഗിൽ സജീവമായിരുന്നു ഫൗസിയ.

രോഗബാധിതയെന്ന് അറിഞ്ഞപ്പോൾ തളർന്നു പിന്മാറാതെ വീറോടെ പൊരുതുകയായിരുന്നു. ചികിത്സയ്ക്കിടയിൽ തെല്ലൊരു ശമനം കിട്ടുമ്പോഴേക്കും കളിക്കളത്തിലേക്ക് ഓടിയെത്തിയിരിക്കും. കഴിഞ്ഞ നാലു വർഷത്തിലേറെയായി അസുഖം മറന്നും ഗ്രൗണ്ടിൽ ഓടി നടന്നു. രോഗം വല്ലാതെ മൂർച്ഛിക്കുന്ന വേളയിൽ മാത്രമാണ് നിവൃത്തിയില്ലാതെ മാറി നിന്നിരുന്നത്.

നേരത്തെ ഗവ. സർവീസിൽ ലോവർ ഡിവിഷൻ ക്ലാർക്കായി നിയമനം ലഭിച്ചതായിരുന്നു ഇവർക്ക്. ഫുട്ബാൾ ജീവിതം കൈവിടേണ്ടി വരുമെന്നതു കൊണ്ടു മാത്രം ആ ജോലി വേണ്ടെന്നു വെയ്ക്കുകയാണുണ്ടായത്.

ചുരുങ്ങിയ കാലത്തിനിടയിൽ തന്നെ വിപുലമായ ശിഷ്യസമ്പത്തുണ്ടാക്കാൻ ഫൗസിയയ്ക്ക് കഴിഞ്ഞു. രാജ്യാന്തരതലത്തിൽ വരെയെത്തിയ ശിഷ്യരുണ്ട് കൂട്ടത്തിൽ. 2002 ൽ കോച്ചിംഗ് തുടങ്ങിയ വർഷം തന്നെ സംസ്ഥാന ടീമിലേക്ക് നാലു താരങ്ങളെ സംഭാവന ചെയ്തതോടെ ഫൗസിയയുടെ പാടവം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ദേശീയ വനിതാ ഫുട്ബാൾ താരങ്ങളായ ടി. നിഖില, വൈ.എം അഷ്‌ലി എന്നിവർ ഫൗസിയയുടെ പരിശീലനക്കളരിയിൽ നിന്നു ഉയർന്നുവന്നവരാണ്. 2005 ൽ മണിപ്പൂരിൽ നടന്ന ദേശീയ സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം ലഭിച്ച കേരള ടീമിന്റെയും 2006 ൽ ഒഡിഷയിൽ നടന്ന ദേശീയ സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ റണ്ണർ അപ്പായ കേരള ടീമിന്റെയും പരിശീലികയായിരുന്നു.പലതവണ കേരളടീമിന്റെ ഒഫീഷ്യലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.