crime

കോഴിക്കോട് : ബസ് യാത്രക്കാരനെ തള്ളിയിട്ട് പണമടങ്ങിയ പഴ്‌സ് തട്ടിപ്പറിച്ചോടിയ പ്രതികളെ ടൗൺ പൊലീസ് പിടികൂടി. കാസർകോട് സ്വദേശി ശ്രീജിത്ത് (32), പേരാമ്പ്ര സ്വദേശി നിസാർ (32), കുറ്റ്യാടി സ്വദേശി അബ്ദുൾ ജലീൽ (39) എന്നിവരാണ് പിടിയിലായത്. ബേപ്പൂർ സ്വദേശി ടി.കെ സുരേഷിന്റെ പഴ്‌സ് തട്ടിപ്പറിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കോഴിക്കോട് രണ്ടാം ഗേറ്റിന് സമീപം സ്റ്റോപ്പിൽ ബസിറങ്ങുന്നതിനിടെ പ്രതികളിൽ ഒരാൾ സ്റ്റെപ്പിൽ നിന്ന് സുരേഷിനെ തള്ളുകയായിരുന്നു. താഴെ വീണ സുരേഷിനെ പ്രതികൾ മൂവരും എഴുന്നേൽപ്പിക്കാനെന്ന വ്യാജേന പിടിക്കുകയും പാന്റിന്റെ പോക്കറ്റിൽ നിന്ന് പഴ്‌സ് ബലമായി എടുത്ത് ടൗൺ ഹാൾ ഭാഗത്തേക്ക് ഓടുകയുമായിരുന്നു. തുടർന്ന് സുരേഷും സുഹൃത്തുകളും നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാളെ മാനാഞ്ചിറ ഭാഗത്തു നിന്ന് പിടികൂടി. പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മറ്റ് രണ്ട് പ്രതികളും പിടിയിലായത്. എസ്‌.ഐ ബിജു ആന്റണി, എസ്‌.ഐ സലിം, എസ്‌.സി.പി.ഒ പി. ഉദയകുമാർ, ടി.കെ ബിനിൽ കുമാർ, സജേഷ് കുമാർ, സി.പി.ഒ അനൂജ്, രതീഷ് എന്നിവർ ചേർന്നായിരുന്നു പ്രതികളെ പിടികൂടിയത്.