വടകര: ഒഞ്ചിയം പഞ്ചായത്തിലെ കാരക്കാട് പ്രദേശത്തെ നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനു സമീപത്തു താമസിക്കുന്നവർക്കു ഇനി ആശ്വസിക്കാം. റെയിൽവേയ്ക്ക് ഇരുവശങ്ങളിലുള്ളവർക്കു എളുപ്പവഴി ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പണിയുന്ന അടിപ്പാതയുടെ പ്രവൃത്തിയ്ക്ക് തുടക്കമായി. സി.കെ.നാണു എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നിലവിൽ റെയിലിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവരുടെ വാഹന യാത്രാ സൗകര്യത്തിന് ദേശീയ പാതയിൽ നിന്നും കൈനാട്ടി വഴി ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. പ്ലാറ്റ്‌ഫോമും ഇരട്ട റെയിലും മറികടന്നുള്ള യാത്ര ഏറെ പ്രയാസമാണ് കാൽനട യാത്രക്കാർക്ക്. അടിപ്പാത വരുന്നതോടെ ഇതിനു പരിഹാരമാവും. അടിപ്പാത നിർമ്മാണ കമ്മിറ്റിയുടെ നിരന്തരശ്രമത്തിന്റെ ഫലമായാണ് പാതയ്ക്ക് റെയിൽവേ അനുമതി നൽകിയത്. അടിപ്പാതയ്ക്കായി സി.കെ നാണു എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 1. 80 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ പാത നിർമ്മാണത്തിന്റെ സെന്റേജ് ചാർജായി നാലര ലക്ഷത്തോളം രൂപ ബഹുജനങ്ങളിൽ നിന്നു സമാഹരിച്ച് റെയിൽവേക്ക് അടക്കേണ്ടി വന്നിട്ടുണ്ട്. കിഴക്കൻ ഭാഗത്തുള്ളവർക്ക് സംസ്ഥാനപാതയിൽ നിന്നു വെള്ളികുളങ്ങര വഴി നാദാപുരം റോഡ് ദേശീയ പാതയിലെത്താൻ ഇനി കൈനാട്ടി ചുറ്റേണ്ടതില്ല. മഴക്കാലത്ത് വെള്ളക്കെട്ടു കാരണം ഗതാഗതം പ്രതിസന്ധിയിലാകുന്ന ഇവിടെ ആധുനിക എൻജിനിനിയറിംഗ് രീതിയിലാണ് പാത ഡിസൈൻ ചെയ്തിട്ടുള്ളത്. ചടങ്ങിൽ കെ.മുരളീധരൻ എം.പി മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, റെയിൽവേ പാലക്കാട് ഡിവിഷൻ അഡീഷണൽ എൻജിനീയർ എസ്.അനിൽകുമാർ, യു.എൽ.സി.സി ചെയർമാൻ രമേശൻ പാലേരി തുടങ്ങിയവർ സംബന്ധിച്ചു.