udf

കോഴിക്കോട്: ജില്ലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ സ്ഥിരമായി തോൽക്കുന്ന മണ്ഡലങ്ങളിൽ വിജയം ഉറപ്പാക്കുന്ന തരത്തിൽ ഘടകകക്ഷികൾ തമ്മിൽ വച്ചുമാറാൻ ധാരണയായി.

ബേപ്പൂർ, പേരാമ്പ്ര, ബാലുശ്ശേരി, കുന്ദമംഗലം, തിരുവമ്പാടി, കോഴിക്കോട് നോർത്ത്, കൊയിലാണ്ടി , എലത്തൂർ മണ്ഡലങ്ങൾ കുറച്ചായി യു.ഡി.എഫിന് ബാലികേറാമലയാണ്. പൊളിച്ചെഴുത്തിലൂടെ ഇതിനൊരു മാറ്റമുണ്ടാക്കുകയാണ് ലക്ഷ്യം.

പേരാമ്പ്രയിൽ യു.ഡി.എഫ് പക്ഷത്ത് ഇതുവരെ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയാണ് പതിവായി മത്സരിച്ചിരുന്നത്. ഈ കക്ഷി ഇടതുമുന്നണിയിലേക്ക് പോയ സാഹചര്യത്തിൽ പേരാമ്പ സീറ്റ് കോൺഗ്രസോ മുസ്ളിം ലീഗോ ഏറ്റെടുക്കും.

എലത്തൂർ സീറ്റ് കഴിഞ്ഞ തവണ നൽകിയത് എൽ.ജെ.ഡി യ്ക്കാണ്. ഇത്തവണ എൽ.ജെ.ഡിയും ഇടതുമുന്നണിയുടെ ഭാഗമായിരിക്കെ ആ സീറ്റ് കൂടി അധികമായി വരുന്നുണ്ട്. വടകരയിൽ ആർ.എം.പി.ഐയിലെ കെ.കെ രമയെ യു.ഡി.എഫ് പിന്തുണയ്ക്കാനാണ് സാദ്ധ്യത. രമ മുന്നണിയുടെ ഭാഗമാവാതെയായിരിക്കും മത്സരിക്കുക.

ജയസാദ്ധ്യത മാത്രമാണ് ഇത്തവണ പരിഗണിക്കുന്നതെന്ന് യു.ഡി.എഫിലെ മുതിർന്ന നേതാക്കൾ പറയുന്നു. ആരെ നിറുത്തിയാൽ ഇടതുമുന്നണിയെ തോല്പിക്കാൻ പറ്റും എന്നതിന് ഊന്നൽ നൽകിയായിരിക്കും സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും. ഗ്രൂപ്പ് വടംവലി ഇതിന് തടസ്സമായി മാറുമോ എന്ന ആശങ്ക ചിലർ പങ്ക് വെക്കുന്നുമുണ്ട്.

ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ സമാപനത്തോടെ സീറ്റ് വിഭജന ചർച്ചകളിലേക്ക് കടക്കും. മിക്കവാറും ചൊവ്വാഴ്ചയോടെ ധാരണയിലെത്തും. സീറ്റുകളെ ചൊല്ലിയുള്ള തർക്കം ആവുന്നതും ഒഴിവാക്കുക എന്ന സമീപനത്തിലേക്ക് എത്താനായിരിക്കും ശ്രമം. എങ്ങനെയും ഭരണം പിടിക്കേണ്ടത് അനിവാര്യമാണെന്ന് കോൺഗ്രസെന്ന പോലെ മുസ്ലിം ലീഗും കരുതുന്നു.

സീറ്റ് വിഭജനത്തിൽ കേരള കോൺഗ്രസ് പി.ജെ ജോസഫ് വിഭാഗം കടുംപിടിത്തവുമായി പ്രശ്നം സൃഷ്ടിക്കുമോ എന്ന സംശയം ജില്ലയിൽ ചില മണ്ഡലങ്ങളുടെ കാര്യത്തിലുമുണ്ട്. തർക്കപ്രശ്നമുണ്ടാവുന്ന സീറ്റുകൾ ഒഴിച്ചുള്ള മണ്ഡലങ്ങളിലേക്ക് സ്ഥാനാർത്ഥിനിർണയം പെട്ടെന്നു പൂർത്തിയാക്കാനാണ് കോൺഗ്രസ് - ലീഗ് ധാരണ.