
പേരാമ്പ്ര: നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പേരാമ്പ്ര ബസ് സ്റ്റാൻഡ് നവീകരണവും യാഥാർത്ഥ്യമാവുന്നു. ബസ് സ്റ്റാൻഡ് വർഷാവർഷവും അറ്റകുറ്റ പണികൾ നടത്താറുണ്ടെങ്കിലും കാലവർഷത്തെ തുടർന്ന് ബസ് സ്റ്റാൻഡിൽ രൂപപ്പെടുന്ന ഗർത്തങ്ങൾ നിരന്തര അപകടങ്ങൾക്ക് വഴിവെക്കുന്നു. ബസ് സ്റ്റാൻഡിലേക്ക് വാഹനങ്ങൾ കയറുന്നതും ഇറങ്ങുന്നതുമായ ഭാഗമാണ് കൂടുതലായും പൊളിയുന്നത്.
എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവൃത്തികൾ നടത്തുന്നത്. ബസ് സ്റ്റാൻഡിന്റെ മുന്നിൽ പ്രധാനപാത സിമന്റ് കട്ട പതിച്ച് നവീകരിച്ചിട്ടുണ്ട്. സ്റ്റാൻഡിനകവും ഇതേപോലെ സിമന്റ് കട്ട പതിച്ച് നവീകരിക്കുക, സ്റ്റാൻഡിന് മുഖമണ്ഡപ നിർമ്മാണം തുടങ്ങി നിരവധി പ്രവൃത്തികൾ നവീകരണത്തിന്റെ ഭാഗമായി നടക്കും.
നവീകരണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എ എ.കെ. പത്മനാഭൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.കെ ലിസി, പി. ജോന, സി.ഡി.എസ് ചെയർ പേഴ്സൺ പി.വി ദീപ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി. ശിവദാസൻ, രാജൻ മരതേരി, പുതുക്കുടി അബ്ദുറഹ്മാൻ, കെ. വത്സരാജ്, സഫ മജീദ്, പ്രകാശൻ കിഴക്കയിൽ, വ്യാപാരി പ്രതിനിധികളായ സുരേഷ് ബാബു കൈലാസ്, സി.കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീന സ്വാഗതം പറഞ്ഞ ചടങ്ങിന് സെക്രട്ടറി ഒ. മനോജ് നന്ദിയും പറഞ്ഞു.