കോഴിക്കോട്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചാത്തങ്കോട്ടുനട രണ്ടാംഘട്ട ചെറുകിട ജലവൈദ്യുത പദ്ധതി വൈദ്യുതി മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. വൈദ്യുത രംഗത്ത് സർക്കാർ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കിയതായി എം.എം മണി പറഞ്ഞു. ഊർജ്ജ രംഗത്ത് സൗരോർജ്ജത്തിൽ കേന്ദ്രീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
പൊതു ജനം കൂടുതൽ എൽ.ഇ.ഡികൾ ഉപയോഗിക്കണം. പുതിയ ഊർജ്ജം ഉപയാഗിക്കുന്നതിനൊപ്പം ഊർജ്ജ ഉപഭോഗം കുറയ്ക്കുകയും വേണം. ഈ സർക്കാറിന്റെ കാലത്ത് 288 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിച്ചതായും മന്ത്രി പറഞ്ഞു.
#പദ്ധതി ഇങ്ങനെ
വടകര താലൂക്കിലെ കാവിലുംപാറ പഞ്ചായത്തിലാണ് ഈ പദ്ധതി. മഴക്കാലത്ത് പൂതംപാറ, കരിങ്ങാട് പുഴകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഇരു പുഴകളിലും തടയണകൾ നിർമ്മിച്ച് 3603 മീറ്റർ നീളമുള്ള രണ്ട് കനാലുകളിലൂടെ വളയം കോട്ടുമലയിൽ സ്ഥാപിച്ച ഫോർബേ ടാങ്കിലെത്തിക്കുന്നു. ഇവിടെനിന്ന് സ്റ്റീൽ പെൻ സ്റ്റോക്ക് പൈപ്പിലൂടെ കരിങ്ങാട് പുഴയുടെ ഇടതുകരയിൽ സ്ഥാപിച്ച പവർ ഹൗസിലെത്തിച്ചാണ് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നത്. 6 മെഗാവാട്ട് സ്ഥാപിത ശേഷിയുള പദ്ധതിയിൽ നിന്ന് പ്രതിവർഷം 1.476 കോടി യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാം. വൈദ്യുതോത്പ്പാദനത്തിന് ശേഷം വെള്ളം കരിങ്ങാട് പുഴയിലേക്ക് തന്നെ ഒഴുക്കിവിടുന്നതിനാൽ പുഴയുടെ സ്വാഭാവിക നീരൊഴുക്കിന് തടസ്സമുണ്ടാവില്ല. പദ്ധതിയുടെ ആകെ ചെലവ് 76.60 കോടി രൂപയാണ്.
പവർ ഹൗസ് പരിസരത്ത് നടന്ന ചടങ്ങിൽ തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ.വിജയൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി. സുരേന്ദ്രൻ, കുന്നുമ്മൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി, കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ്ജ് മാസ്റ്റർ, ബ്ളാക്ക് പഞ്ചായത്തംഗം ഗീത രാജൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ അനിൽ പരപ്പുമ്മൽ, തങ്കമണി കാലായിൽ എന്നിവർ പങ്കെടുത്തു.