
പേരാമ്പ്ര: ഉൾനാടൻ മത്സ്യോത്പാദന വർദ്ധനവ് ലക്ഷ്യമാക്കിയുള്ള 'കൂട് ' പദ്ധതി' ശ്രദ്ധേയമാവുന്നു. ജലസംഭരണികളിൽ നടപ്പാക്കുന്ന പദ്ധതിയ്ക്ക് പെരുവണ്ണാമൂഴി റിസർവോയറിലാണ് തുടക്കമായത്. രാജ്യത്തിന്റെ ഉൾനാടൻ മത്സ്യോത്പാദനം വർദ്ധിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പി.എം.എം.എസ്.വൈ പദ്ധതി പ്രകാരം തദ്ദേശീയരായ പട്ടികവർഗ്ഗ പട്ടികജാതി വിഭാഗങ്ങളിൽപെട്ട ആളുകളെ പങ്കെടുപ്പിച്ച് സംസ്ഥാന ഫിഷറീസ് വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. വയനാട് ജില്ലയിലെ ബാണാസുര സാഗർ, കാരാപ്പുഴ, കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി, പത്തനംതിട്ടയിലെ കക്കി റിസർവോയറുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 100 അംഗങ്ങൾ വീതമുള്ള ഗുണഭോക്തൃ ഗ്രൂപ്പുകളാക്കി തിരിച്ച് 6x4x4 വലുപ്പമുള്ള 400 എച്ച്.ഡി.പി.ഇ കേജുകൾ റിസർവോയറുകളിൽ സ്ഥാപിച്ചാണ് മത്സ്യകൃഷി നടത്തുന്നത്.
മന്ത്രി ടി.പി. രാമകൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ, വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ഷീജ ശശി, ബിന്ദു വത്സൻ, ഉത്തര മേഖലാ ഫിഷറീസ് ജോയിന്റ് ഡയറക്ടർ പി. അനിൽകുമാർ, കുറ്റ്യാടി ജലസേചന പദ്ധതി എക്‌സിക്യൂട്ടിവ് എൻജിനിയർ യു.കെ. ഗിരിഷ് കുമാർ, എം.എം. പ്രദീപൻ, എ.കെ ചന്ദ്രൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. ഫിഷറീസ് ഡയറക്ടർ സി.എ ലത സ്വാഗതവും ബി.കെ സുധീർ കിഷൻ നന്ദിയും പറഞ്ഞു.
#പദ്ധതി നടപ്പിലാക്കുന്നത്- ബാണാസുര സാഗർ, കാരാപ്പുഴ,പെരുവണ്ണാമൂഴി,കക്കി റിസർവോയറുകളിൽ