kunnamangalam-news

കുന്ദമംഗലം: സോഷ്യൽ മീഡിയകളിൽ വൈറലായ 'ഇദ്ദ' എന്ന ഹ്രസ്വ സിനിമയ്ക്ക് അന്തർദേശീയ പുരസ്കാരങ്ങൾ. ഏറെ ചർച്ചകൾ ചെയ്യപ്പെട്ട 'ആമി ഒരു പെൺകുട്ടി' എന്ന ചിത്രത്തിന് ശേഷം ഷമ്മാസ് ജംഷീർ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് 'ഇദ്ദ'. മുംബയ് ഇന്റ‌ർ നാഷനൽ കൾട്ട് ഫിലിം ഫെസ്റ്റിവലിലെ മികച്ച ഇന്ത്യൻ ചിത്രത്തിനുള്ള പുരസ്കാരമടക്കം ഇരുപത്തിമൂന്നോളം അന്തർ ദേശീയ പുരസ്കാരങ്ങളാണ് 37 മിനുറ്റുള്ള ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. യൂട്യൂബിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

ആചാരത്തിന്റെ ഭാഗമായി ഭർത്താവ് മരിച്ചാൽ നാലു മാസവും പത്ത് ദിവസവും ഇരുട്ട് നിറഞ്ഞ മുറിയിലിരിക്കേണ്ടി വരുന്ന ഖമറുന്നിസ എന്ന മുസ്ലീം സ്ത്രീയുടെ നൊമ്പരക്കാഴ്ചയാണ് ഇദ്ദ. തീർത്തും ഒറ്റപ്പെട്ടുപോകുന്ന അഞ്ചുവയസുകാരിയായ മകൾ അയിശുവിന്റെ നിഷ്ക്കളങ്ക ചിന്തകളുടെയും സംശയങ്ങളിലൂടെയുമാണ് ചിത്രം മുന്നോട്ട് പോകുന്നത്. ചിത്രത്തിലെ അത്യപൂർവമായ സംഭാഷണ ശകലങ്ങൾ തീർത്തും കോഴിക്കോടൻ ശൈലിയിലാണ്. അതിഭാവുകത്വമോ നാടകീയതയോ ഇല്ലാതെയാണ് കുന്ദമംഗലം സ്വദേശിയായ ഷമ്മാസ്ജംഷീ‌ർ ചിത്രം ഒരുക്കിയിരിക്കുന്നത്.

അങ്കമാലി ഡയറീസ്, പൈപ്പിൻ ചോട്ടിലെ പ്രണയം, ജൂൺ തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ച ശ്രുതിജയനാണ് ഖമറുന്നിസയ്ക്ക് ജീവൻ നൽകിയിരിക്കുന്നത്. ദ‌ർശിക ജയേഷാണ് അയിശുവായി വേഷമിടുന്നത്. സരസ ബാലുശേരി, ജസ്ല മടശേരി, പള്ളിക്കുഞ്ഞാപ്പ, ജവാദ്, കെ.പി.എ.സി ഇസ്മയിൽ, ഹാദി സമാൻ, ഹയ സെല്ല, ലാൽ കുന്ദമംഗലം, ബാലഗോപാലൻ ഉള്ള്യേരി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.