balan
ബാലൻ 'ബാലു ഷോപ്പി

കോഴിക്കോട്: ബാർബർ ഷോപ്പെല്ലാം പോയി ബ്യൂട്ടി പാർലറും ബ്യൂട്ടി സലൂണും ആയിട്ടും ശീലവും ചേലും മാറ്റാത്ത ബാർബറുണ്ട് കോഴിക്കോട്ട്, ബാലൻ. നിരപ്പലക കൊണ്ടടയ്ക്കുന്ന പീടികയിൽ മരക്കസേരയും നീളൻ മേശയുമിട്ട് " തല " കാത്തിരിക്കുകയാണ് പറമ്പിൽ കടവ് സ്വദേശിയായ ബാർബർ ബാലൻ. കോഴിക്കോട്ടെ പഴയ കോർപ്പറേഷൻ ഓഫീസിന് സമീപം ക്രോസ് റോഡിലാണ് ബാലന്റെ ബാലു ഷോപ്പ്.

മുടി എങ്ങനെ വേണമെങ്കിലും വെട്ടികൊടുക്കാൻ ബാലൻ ഒരുക്കമാണ് പക്ഷെ, പുതിയ ഉപകരണങ്ങൾ വേണമെന്ന് നിർബന്ധം പിടിക്കരുത്. കടയിലെ ഉപകരണങ്ങൾക്കെല്ലാം പറയാനുണ്ട് ഓരോരോ കഥകൾ. 90 വർഷം പഴക്കമുള്ളതാണ് മരക്കസേര. ഇളയച്ഛൻ ബാർബർ കൃഷ്ണൻെറ കാലശേഷമാണ് കസേര ബാലന് കിട്ടുന്നത്. ഗ്രീസിട്ടും മിനുക്കിയും ഇടയ്ക്കൊന്ന് തിളക്കം കൂട്ടും. തഞ്ചാവൂരിൽ നിന്ന് വാങ്ങിയ വേറൊരു കസേരയും ഉണ്ട്. ജർമൻകാരനായ സുഹൃത്ത് നൽകിയ 70 കളിൽ ഉപയോഗിച്ചിരുന്ന കത്രികയുമുണ്ട് ബാലന്റെ കൈയിൽ. പുതിയ ഉപകരണങ്ങൾ കൂട്ടത്തിലുണ്ടെങ്കിലും ഉപയോഗിക്കാറില്ല. കടയിലെ ഉപകരണങ്ങൾ പണംകൊടുത്തുവാങ്ങുന്ന ശീലം ബാലനില്ല. എല്ലാം സുഹൃത്തുക്കൾ സ്നേഹപൂർവം കൈമാറിയവ. പാരമ്പര്യമായി ബാർബർ തൊഴിലെടുക്കുന്ന കുടുംബത്തിലെ അംഗമാണ് ബാലനും . കോയമ്പത്തൂരിൽ ജനിച്ച ബാലൻ 25ാം വയസിലാണ് കോഴിക്കോട്ടെത്തുന്നത്. ഇളയച്ഛൻ കൃഷ്ണന്റെ ബാർബർ ഷോപ്പിൽ സഹായിയായി നിന്നുകൊണ്ടായിരുന്നു തുടക്കം. ഇളയച്ഛൻ മരിച്ചതോടെ ബാലനായി "കട ഉടമ". 30 വർഷമായി തുടരുന്ന ജോലിയ്ക്കിടെ എത്രയോ പ്രമുഖർ ബാലു ഷോപ്പ് തേടിയെത്തിയിട്ടുണ്ട്. വർഷങ്ങളായി ബാലന്റെ കത്രികയുടെ കട ...കട ശബ്ദത്തിൽ അനുസരണയോടെ ഇരിക്കുന്നവരുമുണ്ട്. തന്റെ വരവും കാത്ത് ഷോപ്പിന് മുന്നില്‍ ആളുകള്‍ നിന്നൊരു കാലമുണ്ടായിരുന്നുവെന്ന് ബാലൻ ഓർക്കുന്നു. കാലം മാറിയെങ്കിലും ബാലന്റെ ശീലം അറിഞ്ഞെത്തുന്നവർ ഇന്നും കുറവല്ല. ഭാര്യ ലാലിയും മകൾ ബിന്ദുവും അടങ്ങുന്നതാണ് ബാലന്റെ സംതൃപ്ത കുടുംബം.