
കോഴിക്കോട് : കോട്ടൂർ കുടുംബാരോഗ്യകേന്ദ്രം ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. പുരുഷൻ കടലുണ്ടി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ശിലാഫലകം അനാച്ഛാദനം ചെയ്തു.
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 3.21 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കൂട്ടാലിട കുറുവട്ടിമലയിൽ പ്രവർത്തിച്ച പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്താൻ ബുദ്ധിമുട്ടിയിരുന്ന ജനങ്ങൾക്ക് കേന്ദ്രം ആശ്വാസമാവും.കെട്ടിടം പണി പൂർത്തിയായതിനെ തുടർന്ന് അനുബന്ധ സൗകര്യങ്ങൾക്കായി പുരുഷൻ കടലുണ്ടി എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 75 ലക്ഷം രൂപയും പഞ്ചായത്ത് 21 ലക്ഷം രൂപയും എൻ.എച്ച്.എം പദ്ധതിയിൽ 15 ലക്ഷം രൂപയും, തൊഴിലുറപ്പ് പദ്ധതിയിൽ പത്ത് ലക്ഷം രൂപയും പ്രവർത്തിക്കായി അനുവദിച്ചു.പുതിയ കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ലാബ്, ഫാർമസി, ഒ പി മുറി, നഴ്‌സസ് മുറി, കോൺഫറൻസ് ഹാൾ, പാലിയേറ്റീവ് മുറി, നിരീക്ഷണ മുറി, ഇമ്യൂണൈസേഷൻ കേന്ദ്രം, തുടങ്ങി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ വി.ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തിൽ ജമീല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, നടുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരൻ, ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ വിലാസിനി, പൊതുമരാമത്ത് എൻജിനീയർ ഷെഫീക്ക്, ഷീജ കാറാങ്ങോട്ട്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി. എച്ച് സുരേഷ് സ്വാഗതവും, മെഡിക്കൽ ഓഫീസർ ഡോ. സജിന നന്ദിയും പറഞ്ഞു.