hotel

കോഴിക്കോട് : ഹോട്ടലുകൾക്ക് ലൈസൻസ് പുതുക്കി നൽകാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾ തയ്യാറാകുന്നില്ലെന്ന പരാതിയുമായി വ്യാപാരികൾ. ലൈസൻസും സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ റോഡരികിൽ ഭക്ഷണ വിൽപ്പന പൊടിപൊടിക്കുമ്പോഴാണ് അംഗീകൃത വ്യാപാരികൾക്ക് ലൈസൻസ് പുതുക്കി നൽകാൻ കാലതാമസമുണ്ടാക്കുന്നത്. കൂടാതെ അനാവശ്യ നിബന്ധനകൾ വേറെയും. കൊവിഡിൽ തകർന്നടിഞ്ഞ വ്യാപാരികളെ കുടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് നടപടി. സംസ്ഥാനത്ത് വ്യാപാര, വ്യവസായ രംഗം പ്രോത്സാഹിപ്പിക്കുന്നതിനായി വ്യാപാര ലൈസൻസ് സമ്പാദിക്കാനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് സർക്കാർ വിജ്ഞാപനമിറക്കിയിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സഹകരിക്കുന്നില്ലെന്നാണ് ഹോട്ടൽ ഉടമകളുടെ പരാതി.

സർക്കാൻ മാനദണ്ഡം അനുസരിച്ച് വ്യാപാരികൾക്ക് ഓൺലൈനിലൂടെ അപേക്ഷ നൽകി അഞ്ച് വർഷത്തേക്ക് വരെ ലൈസൻസ് സമ്പാദിക്കാവുന്നതാണ്. എന്നാൽ പല തദ്ദേശസ്ഥാപനങ്ങളും ഓൺലൈൻ അപേക്ഷ സ്വീകരിക്കുവാൻ തയ്യാറാകുന്നില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആരോപിച്ചു.

വ്യവസായ സൗഹൃദ നയത്തെ തകർക്കുന്ന നടപടികളാണ് പല തദ്ദേശ സ്ഥാപനങ്ങളും സ്വീകരിക്കുന്നത്. അനാവശ്യ നിബന്ധനകളും രേഖകളും ആവശ്യപ്പെട്ട് ലൈസൻസ് പുതുക്കാൻ ചെല്ലുന്ന വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളാണ് തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്ന ആരോപണവും ഹോട്ടൽ വ്യാപാരികൾ ഉയർത്തുന്നു.

 സർക്കാർ ഇടപെട്ടില്ലെങ്കിൽ സമരം

സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും നാട്ടിലെ നിയമത്തെ കാറ്റിൽപ്പറത്തി വ്യാപാരികളെ ദ്രോഹിക്കുന്ന തെറ്റായ നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ അനിശ്ചിതകാല സമരം നടത്തുവാൻ നിർബന്ധിതരാകുമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽസെക്രട്ടറി ജി. ജയപാലും പറഞ്ഞു.