തിരുവമ്പാടി: തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകൾ ഉൾപ്പെടുന്ന മലയോര മേഖലയിലെ കൃഷിക്കാരുടെ കൈവശ ഭൂമിയിൽ വനംവകുപ്പ് ജണ്ട കെട്ടുന്നതായി പരാതി. തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻപുഴ, കോടഞ്ചേരി പഞ്ചായത്തിലെ കുണ്ടൻതോട്, കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ പ്രദേശങ്ങളിലാണ് വനം വകുപ്പ് കർഷകദ്രോഹ നടപടി തുടരുന്നതായി പരാതി ഉയരുന്നത്. 1972 ൽ പട്ടയം ലഭിച്ചതും 1960 കളിൽ കൈവശവെച്ച് കൃഷി ചെയ്യുകയും വീടുകെട്ടി താമസിക്കുകയും ചെയ്യുന്ന ഭൂമിയിൽ പോലും വനം വകുപ്പ് ജണ്ട കെട്ടുന്നതായാണ് കർഷകരുടെ പരാതി. ആധാരവും നികുതി അടച്ച രേഖകളുമുള്ള കർഷകരെ പോലും വനംവകുപ്പ് അധികൃതർ കൈയേറ്റക്കാരാക്കുകയാണെന്ന് കർഷകർ പറയുന്നു. ഇതിനെതിരെ പലരും ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്. കാർഷിക മേഖലയുടെ തകർച്ചയും വന്യ ജീവികളുടെ ഉപദ്രവവും കാരണം പ്രയാസമനുഭവിക്കുന്ന കർഷകരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ജില്ല പഞ്ചായത്ത് കോടഞ്ചേരി ഡിവിഷൻ അംഗം ബോസ് ജേക്കബ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഡി.എഫ്.ഒയെ കണ്ടു.