
ബാലുശ്ശേരി: സമഗ്ര കാർഷിക വികസനമുന്നേറ്റത്തിനും ദാരിദ്ര്യ നിർമ്മാർജനത്തിനും ഊന്നൽ നൽകി ബാലുശ്ശേരി ബ്ളോക്ക് പഞ്ചായത്ത് ബജറ്റ്. 2021- 22 വർഷത്തേക്ക് 84,78,73647 രൂപ വരവും 84,41, 93053രൂപ ചെലവും 36, 80,1594 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ഭക്ഷ്യ സുരക്ഷ, എല്ലാ വിഭാഗം ജനങ്ങൾക്കും ക്ഷേമവും ആരോഗ്യവും, വിദ്യാഭ്യാസ- കലാ- കായിക രംഗത്തെ ഗുണമേന്മ, ലിംഗ സമത്വവും സ്ത്രീ ശാക്തീകരണവും, ജലലഭ്യതയും ശുചിത്വവും, സാമ്പത്തിക വളർച്ചയും തൊഴിലും, അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ചെറുകിട വ്യവസായം പോഷിപ്പിക്കൽ, ജൈവ വൈവിധ്യം തടയൽ എന്നീ പദ്ധതികൾക്കും ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്.
ഹരിത കേരളം, ലൈഫ്, ആർദ്രം, പൊതു വിദ്യാഭ്യാസയഞ്ജം എന്നീ മിഷൻ പ്രവർത്തനങ്ങളുമായി യോജിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് ബ്ളോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വനിതാ ശാക്തീകരണത്തിനായി 43.79 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ഭിന്നശേഷി വിഭാഗം കുട്ടികളുടെ ബഡ്സ് സ്ക്കൂൾ പ്രവർത്തനത്തിനായി 10 ലക്ഷവും ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ, സ്കോളർഷിപ്പ് എന്നിവയ്ക്കായി 41 ലക്ഷവും വകയിരുത്തി. ലൈഫ് - സമ്പൂർണ പാർപ്പിട പദ്ധതിക്കായി 1.26 കോടി രൂപയും ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ കലാഗ്രാമം സ്ഥാപിക്കാനായി 8 ലക്ഷം രൂപയും നീക്കിവെച്ചു. ഉള്ളിയേരി സി.എച്ച്.സിയിൽ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മെന്റ് സെന്ററിന്റെ പ്രവർത്തനത്തിനായി 16 ലക്ഷം രൂപയാണ് ബജറ്റിൽ നീക്കിവെച്ചിട്ടുള്ളത്.
ബ്ളോക്ക് പഞ്ചായത്തിൽ നടന്ന ഭരണ സമിതി യോഗത്തിൽ വൈസ് പ്രസിഡന്റ് ടി.എം.ശശി ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് വി.കെ. അനിത അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ആലംകോട് സുരേഷ് ബാബു, റംല മാടം വള്ളികുന്നത്ത്, എം.കെ. വനജ, ബാലുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട്, ഉള്ളിയേരി പഞ്ചായത്ത് പ്രസിഡന്റ് സി.അജിത, പി.കെ.ബാലകൃഷ്ണൻ, ഇ.ടി. ബിനോയ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.രാജീവ് സ്വാഗതം പറഞ്ഞു.