boating
സരോവരം ബോയോപാർക്കിലെ കളിപൊയ്കയിൽ അടിഞ്ഞു കൂടിയ മാലിന്യം

കോഴിക്കോട്: സരോവരം ബയോപാർക്കിൽ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്, മാലിന്യത്തിൽ തുഴയാനറിയുമോ, എങ്കിൽ ബോട്ടിൽ ചുറ്റിയടിക്കാം!. വിനോദ സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്ന സരോവരത്തെ കളിപൊയ്ക കണ്ടാൽ ആരും കളിയാക്കി ചോദിച്ചുപോകും. അത്രകണ്ട് മാലിന്യം അടിഞ്ഞ തടാകത്തിലൂടെ ദുർഗന്ധം നിറഞ്ഞ ബോട്ട് യാത്രയാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്.

ലോക്ക്ഡൗണിനു ശേഷം ഡിസംബറോടെയാണ് ബോട്ട് യാത്ര പുനരാരംഭിച്ചത്. തുടക്കത്തിൽ ആനന്ദം പകർന്ന യാത്ര ക്രമേണ മനംമടുപ്പിക്കുന്ന അനുഭവമായി. മാലിന്യവും വെള്ളത്തിന്റെ നിറവ്യത്യാസവും ദുർഗന്ധവും സഞ്ചാരികളെ പൊയ്കയിൽ നിന്ന് അകറ്റുകയാണ്. ബോട്ടുമായി സാഹസികതയ്ക്ക് ഇറങ്ങിയാലോ മാലിന്യത്തിൽ പുതഞ്ഞ് വഴിയിലുമാകും.

ആദ്യമെല്ലാം നടത്തിപ്പ് ചുമതലയുള്ളവർ മാലിന്യം വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും ഒരു ദിവസം വൃത്തിയാക്കിയാൽ അടുത്ത ദിവസം ഇരട്ടി മാലിന്യം ഒഴുകിയെത്താൻ തുടങ്ങിയതോടെ ഡി.ടി.പി.സിയിൽ പരാതി നൽകി അവരും മടങ്ങി.

കനോലി കനാലിലെ മാലിന്യങ്ങളാണ് വേലിയേറ്റ സമയങ്ങളിൽ കളിപൊയ്കയിൽ ഒഴുകിയെത്തുന്നത്. കനാൽ നവീകരണത്തിന്റെ ഭാഗമായി ചെളിയും മാലിന്യങ്ങളും പായലും എടുത്തുമാറ്റിയിരുന്നെങ്കിലും ഇപ്പോൾ എല്ലാം പഴയ പടിയാണ്. ലോക്ക്ഡൗണിന് ശേഷം കനാലിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത കൂടി. പച്ചക്കറി കടകൾ, കോഴി കടകൾ, സമീപത്തെ വീടുകൾ, ആശുപത്രികൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്ന കേന്ദ്രമായി കനോലി കനാൽ മാറിയിരിക്കുകയാണ്. കൂടാതെ പ്ലാസ്റ്റിക് മാലിന്യം വേറെയും.

ഏകദേശം 25 ലക്ഷം രൂപ ചെലവഴിച്ചാണ് സരോവരത്ത് ബോട്ട് യാത്ര പുനരാരംഭിച്ചത്. മൂന്ന് പേർക്ക് ഇരിക്കാൻ കഴിയുന്ന പത്ത് പെഡൽ ബോട്ടുകളാണ് ഇവിടെയുള്ളത്. 20 മിനിറ്റ് സഞ്ചരിക്കാൻ ഒരാൾക്ക് 50 രൂപയാണ് . 2 മാനേജർമാരും ഒരു ലെെഫ് ഗാർഡുമുണ്ട്. 41667 രൂപ മാസവാടകയ്ക്കാണ് ഡി.ടി.പി.സിയിൽ നിന്ന് ഇവർ ടെൻഡർ എടുത്തത്. എന്നാൽ പല ദിവസങ്ങളിലും ഒന്നോ രണ്ടോ ആളുകൾ മാത്രം എത്തുന്നതിനാൽ മാസ വാടക അടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ് . കൂടാതെ ബോട്ടിന്റെ പെഡൽ മാലിന്യത്തിൽ കുരുങ്ങിയാൽ 1000 രൂപയെങ്കിലും നന്നാക്കിയെടുക്കേണ്ട വകയിലും നഷ്ടമാകും.

"'ആളുകളുടെ വരവ് കുറഞ്ഞതിനാൽ വരുമാനവും കുറവാണ്. മാലിന്യം നീക്കം ചെയ്ത് സംരക്ഷിച്ചാൽ കൂടുതൽ ആളുകൾ വരാനും ബോട്ടിൽ കയറാനും താത്പര്യം കാണിക്കും. മാലിന്യം നീക്കം ചെയ്യാൻ ഡി.ടി.പി.സിയിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. കോഴിക്കോട്ടെ എറ്റവും മികച്ച വിനോദ സഞ്ചാര സാധ്യതകളിലൊന്നായ ബോട്ടിംഗിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ല. -രതീഷ്, പെഡൽ ബോട്ട് സർവീസ് മാനേജർ

'തടാകത്തിലെത്തുന്ന മാലിന്യങ്ങൾ തടയാൻ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന് കത്ത് അയച്ചിരുന്നു. അവ‌ർ നിർദ്ദേശിച്ച പ്രകാരം കോക്കനറ്റ് പെെലിംഗ് സംവിധാനം ഉപയോഗിച്ച് കനാലിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ടെൻഡർ കൊടുത്തു കഴിഞ്ഞു. രണ്ട് ആഴ്ചയ്ക്കുള്ളിൽ പ്രശ്ന പരിഹാരമാകും. " - ഷാനവാസ് , ഡി.ടി.പി.സി മാനേജർ