കോഴിക്കോട്: മാതൃകാ പദ്ധതികൾക്ക് തുടർച്ച ഉറപ്പാക്കിയും കാർഷിക, സേവന മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകിയും ജില്ല പഞ്ചായത്ത് ബഡ്‌ജറ്റ്. 263. 98 കോടി രൂപ വരവും 256. 32 കോടി രൂപ ചെലവും 7. 65 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് പുതിയ ഭരണസമിതിയുടെ കന്നി ബഡ്‌ജറ്റ്. വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ അവതരിപ്പിച്ച ബഡ്‌ജറ്റിന് അംഗീകാരവുമായി.
സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം, ലൈഫ്, ആർദ്രം, പൊതുവിദ്യാഭ്യാസ യജ്ഞം എന്നിവയുടെ ചുവടുപിടിച്ചുതന്നെയാണ് ജില്ലാ പഞ്ചായത്ത് വരും സാമ്പത്തികവർഷവും നീങ്ങുക. സുഭിക്ഷ കേരളം പദ്ധതി തുടരും. കാർഷിക മേഖലയുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ട് 'കതിരണി" തരിശ്‌രഹിത പദ്ധതി നടപ്പാക്കും. പ്രവാസികളെ ഉൾപ്പെടുത്തി പാട്ടക്കൃഷി പദ്ധതി കൊണ്ടുവരും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സൗരോർജ പാനൽ, വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ എഡ്യുകെയർ, ഹാൾ ടിക്കറ്റ്, ആരോഗ്യമേഖലയിലും സേവനമേഖലയിലുമായി കൊണ്ടുവന്ന സ്പന്ദനം, ജീവൽസ്പന്ദനം, സാന്ത്വനസ്പർശം, ക്ഷീരഗ്രാമം, മുട്ടഗ്രാമം, മത്സ്യസഞ്ചാരി, സംരംഭകത്വ സൗഹൃദ പദ്ധതി, ചെങ്ങോട്ടുകാവ് സ്വയംപ്രഭ ഹോം പദ്ധതി, സുഫലം വിഷരഹിത ഫലം തുടങ്ങിയവ തുടരും.
ജില്ല പഞ്ചായത്ത് മീറ്റിംഗ് ഹാൾ നവീകരിക്കും.
ഇന്നൊവേറ്റേഴ്സ് മീറ്റ്
വ്യവസായ വികസനത്തിനായി ഇന്നൊവേറ്റേഴ്സ് മീറ്റ് സംഘടിപ്പിക്കും. ഉത്പാദന, സേവന, തൊഴിൽ, വിപണന മേഖലകളുമായി ബന്ധപ്പെട്ട് നവീന ആശയങ്ങൾ രൂപപ്പെടുത്തുകയാണ് ലക്ഷ്യം. നവസംരംഭകർക്കും വനിതാ സംരംഭകർക്കും പുറമെ വിവിധ സാങ്കേതിക പഠന ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയുടെയും പങ്കാളിത്തം ഉറപ്പാക്കും.
സ്കിൽ ഡവലപ്മെന്റ് സെന്റർ
അന്താരാഷ്ട്ര നിലവാരത്തിലേക്ക്
നൈപുണ്യ വികസനത്തിനായി ജില്ല പഞ്ചായത്ത് സ്ഥാപിച്ച സ്കിൽ ഡവലപ്മെന്റ് സെന്റർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. തൊഴിലവസരം വർദ്ധിപ്പിക്കും.
തൊഴിൽ സേന
സ്ത്രീകൾക്ക് തൊഴിലൊരുക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽസേന രൂപീകരിക്കും. ആതുര ശുശ്രൂഷാ രംഗത്ത് ആവശ്യമായ പരിശീലനം നൽകി പ്രസവപരിചരണം, പാലിയേറ്റീവ് പരിചരണം എന്നീ മേഖലകളിൽ സ്ത്രീശക്തി ഉപയോഗപ്പെടുത്തും. കുടുംബശ്രീ മുഖേന തൊഴിലെടുക്കുന്ന സ്ത്രീകളെ തുണയ്ക്കാൻ 'ഒറ്റ അടുക്കള" പദ്ധതി നടപ്പാക്കും
ക്രാഡിൽ
അങ്കണവാടികൾ ഹൈടെക്കാക്കി ഉന്നതനിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ക്രാഡിൽ പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി നാല് അംഗനവാടികളുടെ നിർമ്മാണത്തിന് 60 ലക്ഷം രൂപ അനുവദിച്ചു.
തളരരുത്, ഒപ്പമുണ്ട്
പാലിയേറ്റീവ് രംഗത്ത് ഇടപെടൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രിട്ടിക്കൽ പാലിയേറ്റീവ് കെയർ സെന്ററിന് രൂപം നൽകും. വിവിധ ഗ്രാമപഞ്ചായത്തുകളിൽ ബഡ്സ് സ്കൂളുകൾ സ്ഥാപിക്കാൻ സഹായം ലഭ്യമാക്കും. കിടപ്പു രോഗികളുടെ പരിചരണം ഉറപ്പാക്കാൻ കമ്മ്യൂണിറ്റി പാലിയേറ്റീവ് യൂണിറ്റുകൾ തുടങ്ങും. ഹയർ സെക്കൻഡറി തലത്തിൽ സ്റ്റുഡന്റ് പാലിയേറ്റീവ് യൂണിറ്റുകൾ സ്ഥാപിക്കും.
സ്നേഹസ്‌പർശം
കിഡ്നി രോഗികളെ സാഹായിക്കാൻ നടപ്പിലാക്കിയ സ്നേഹസ്പർശം പദ്ധതി കൂടുതൽ സജീവമാക്കി അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കൂടി ധനസഹായം ലഭ്യമാക്കുന്ന തരത്തിൽ നടപ്പാക്കും. ആശുപത്രികളെ കൂടി ഉൾപ്പെടുത്തി അവയവമാറ്റ രംഗത്തെ ചൂഷണത്തിന് അറുതി വരുത്തും.
''ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചതെല്ലാം നടപ്പാക്കും. ജനങ്ങളുടെ എല്ലാ ആവശ്യങ്ങളും മനസ്സിലാക്കിയാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്. പൂർത്തിയാകാത്തവ വൈകാതെ തീർക്കും.
കാനത്തിൽ ജമീല,
ജില്ല പഞ്ചായത്ത് പ്രസിഡന്റ്
''പ്രളയത്തിൽ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ചും കൊവിഡിനെ പ്രതിരോധിച്ചും നവകേരളം സൃഷ്ടിക്കാനുള്ള പദ്ധതികളാണ് പിന്തുടരുന്നത്.
എം.പി.ശിവാനന്ദൻ,
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ഇതു വെറും പി.ആർ: യു.ഡി.എഫ്
കോഴിക്കോട് : സംസ്ഥാന സർക്കാരിന്റെ പദ്ധതികളുടെ പി.ആർ പ്രവർത്തനത്തിൽ ഒതുങ്ങിയിരിക്കുകയാണ് ജില്ല പഞ്ചായത് ബഡ്‌ജറ്റെന്ന് യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. ദീർഘവീക്ഷണത്തോടെയുള്ള ഒരു പദ്ധതി പോലുമില്ല. കാർഷികമേഖലയ്ക്ക് അർഹമായ പരിഗണന ഉറപ്പാക്കിയിട്ടുമില്ല. കുടിവെള്ളപ്രശ്നത്തിന് പരിഹാരം, പട്ടികവർഗ കോളനികളുടെ നവീകരണം, പ്രാദേശിക ടൂറിസം, ആശാ വർക്കർമാർക്ക് സഹായം, ശിശു സംരക്ഷണത്തിന് കൂടുതൽ പദ്ധതികൾ, യുവാക്കൾക്കായുള്ള പദ്ധതികൾ തുടങ്ങിയ ആവശ്യങ്ങൾ പ്രതിപക്ഷം ഉയർത്തി. പരിമിതികൾക്കുള്ളിൽ നിന്ന് രൂപപ്പെടുത്തിയ മികച്ച ബഡ്‌ജറ്റാണിതെന്ന് ഇടതുപക്ഷ അംഗങ്ങൾ പറഞ്ഞു. സ്ഥിരംസമിതി അദ്ധ്യക്ഷരായ ഷീജ ശശി, കെ.വി. റീന, പി. സുരേന്ദ്രൻ, സുരേഷ്, സി.എം.യശോദ എന്നിവർക്കു പുറമെ പി.പി. പ്രേമ, അംബിക മംഗലത്ത്, ബോസ് ജേക്കബ്, നാസര്‍ എസ്റ്റേറ്റ് മുക്ക്, രാജീവ് പെരുമണ്‍പുറ, പി. ഗവാസ്, എം. ധനീഷ്‌ലാല്‍, പി.ടി.എം. ഷറഫുന്നീസ, ഐ.പി. രാജേഷ്, മുക്കം മുഹമ്മദ്, സി.എം.ബാബു, വി.പി. ദുൽഖിഫിൽ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. കൂട്ടിച്ചേർക്കാനാവുന്ന നിർദ്ദേശങ്ങൾ പരിഗണിക്കുമെന്ന് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ മറുപടിയിൽ വ്യക്തമാക്കി.