മുക്കം: അഞ്ചുവർഷം കൊണ്ട് കാരശ്ശേരിയുടെ മുഖഛായ മാറ്റുന്ന പദ്ധതികൾ നടപ്പാക്കുമെന്ന് കാരശ്ശേരി പഞ്ചായത്തധികൃതർ മുക്കത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാലിയേറ്റീവ് ഭവൻ നിർമ്മാണം, തൊഴിലുറപ്പ് പദ്ധതി വിപുലീകരണം, കാർഷിക മേഖലയ്ക്ക് ഉണർവ് നൽകൽ, ഐ.എച്ച് ആർ ഡി കോളേജ് കെട്ടിടം തുറന്നുകൊടുക്കൽ, ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം, ടർഫ് മൈതാനം, ലൈഫ് ഭവനപദ്ധതിയിൽ വീടു നിർമ്മിക്കൽ, ആദിവാസി കലാകേന്ദ്രത്തിന് വാദ്യോപകരണം നൽകൽ, പട്ടികജാതി കലാ കേന്ദ്രം നിർമിക്കൽ, എൻ.എം ഹുസയിൻ ഹാജി കോളനി നവീകരണം എന്നിവയാണ് ഇതിനായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെന്ന് അവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത, വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, ജംഷിദ് ഒളകര എന്നിവർ പങ്കെടുത്തു. 2021-2022 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.പി. സ്മിത അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സമിതി ചെയർപേഴ്‌സൺ ശാന്ത ദേവി മൂത്തേടത്ത് വികസന രേഖ അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, ക്ഷേമകാര്യ സമിതി ചെയർമാൻ സത്യൻ മുണ്ടയിൽ, എം.എ സൗദ ,രാജിത മൂത്തേടത്ത്, ജിജിത സുരേഷ് , എം.ടി അഷറഫ് ,വി.എൻ ജംനാസ്, കെ.കോയ, കെ.പി ഷാജി, പി.കെ ഷംസുദ്ദീൻ, പി.രാജീവ് എന്നിവർ പ്രസംഗിച്ചു.