muttil
ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ട്രാക്ടർ റാലിയ്ക്ക് മുട്ടിലിൽ സമാപനം കുറിച്ചതോടെ ഇറങ്ങുന്ന രാഹുൽ ഗാന്ധിയെ അഭിവാദ്യം ചെയ്ത് വരവേൽക്കുന്ന പ്രവർത്തകർ

മുട്ടിൽ: രാജ്യത്തിന്റെ കാർഷികമേഖലയെ തകർക്കുന്ന നിയമങ്ങൾ പിൻവലിക്കുന്നത് വരെ കർഷകർ നടത്തുന്ന സമരങ്ങൾക്ക് ഒപ്പമുണ്ടാകുമെന്നും മോദിയുടെ രണ്ടോ മൂന്നോ സുഹൃത്തുക്കൾക്ക് വേണ്ടി ഈ നിയമങ്ങൾ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും രാഹുൽഗാന്ധി എം.പി. ഇന്നലെ നടത്തിയ ട്രാക്ടർ റാലിക്ക് ശേഷം പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം മുഴുവൻ ഇന്ന് രാജ്യത്തെ കർഷകരുടെ നേരിടുന്ന പ്രശ്നങ്ങൾ കണ്ടുകൊണ്ടിരിക്കുമ്പോഴും കേന്ദ്രം ഭരിക്കുന്ന സർക്കാർ കർഷകരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ തയ്യാറാകുന്നില്ല. കർഷകർക്കെതിരായ മൂന്ന് നിയമങ്ങളും മോദിയുടെ സുഹൃത്തുക്കളായ രണ്ട് മൂന്ന് പേർക്ക് നേട്ടമുണ്ടാക്കുന്നതിനുള്ളതാണ്. കൃഷി എന്ന വ്യവസായം മാത്രമാണ് രാജ്യത്തെ 40 ശതമാനം വരുന്ന ജനവിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ളത്. 40 ലക്ഷം കോടി രൂപ മൂല്യമുള്ളതാണിത്. കർഷകരും തൊഴിലാളികളും, ചെറുകിട വ്യാപാരികളും, കർഷകചന്തകളിൽ പ്രവൃത്തിയെടുക്കുന്നവരും, റോഡരുകിൽ പഴവും പച്ചക്കറികളും വിൽക്കുന്നവരടക്കമുള്ളവരാണ് ഈ വ്യവസായത്തിന്റെ ഉടമകൾ. നിയമം പ്രാവർത്തികമായാൽ കർഷകർ വലിയ വ്യവസായികൾക്ക് നേരിട്ട് ഉൽപന്നങ്ങൾ വിൽക്കേണ്ട സാഹചര്യമുണ്ടാകും. രാജ്യത്തെ മുഴുവൻ പേർക്കും ഭക്ഷണം നൽകുന്നവരെയാണ് നിയമത്തിലൂടെ ഇല്ലാക്കാൻ ശ്രമിക്കുന്നതെന്നും രാഹുൽഗാന്ധി പറഞ്ഞു. കർഷകരിൽ നിന്ന് ഉൽപന്നങ്ങൾ എത്രയളവിൽ വേണമെങ്കിലും വാങ്ങിക്കാമെന്ന നിയമം കർഷകചന്തകളെ ഇല്ലാതാക്കും. രാജ്യത്തെ വലിയ വ്യവസായികൾക്ക് ആഗ്രഹിക്കുന്ന രീതിയിൽ ധാന്യങ്ങളും മറ്റും സംഭരിക്കാമെന്നത് അവശ്യവസ്തു നിയമത്തിൻ മേലുളള കടന്നുകയറ്റമാണ്. കർഷകർക്ക് വിലയ്ക്കായി വാദിക്കാനാവില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഈ നിയമം. രാജ്യത്തെ എല്ലാ വിമാത്താവളങ്ങളും തുറമുഖങ്ങളും സൗജന്യമായി ലഭിച്ചയാളിന്റെ അറകളിലാണ് ഇത്തരത്തിൽ ഉൽപന്നങ്ങളെത്തുന്നത്. വിലയെ കുറിച്ച് കർഷകർക്ക് തർക്കമുണ്ടെങ്കിൽ കോടതിയിൽ പോകാൻ സാധിക്കില്ലെന്നാണ് മൂന്നാമത്തെ നിയമം. ഇത് കർഷകരുടെ നിയമപരമായ അവകാശങ്ങൾ എടുത്തുമാറ്റുന്നതാണ്. വയനാട്ടിൽ ബഫർസോൺ അംഗീകരിക്കാനാവാത്തതാണെന്നും ഇതുസംബന്ധിച്ച് കേന്ദ്രസർക്കാരിന് കത്തെഴുതിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. ബഫർസോൺ ഏർപ്പെടുത്തിയത് സംബന്ധിച്ച് ചോദിച്ചപ്പോൾ കേരള സർക്കാർ ശുപാർശ ചെയ്തത് കൊണ്ടാണ് നടപ്പിലാക്കിയെതെന്നാണ് മറുപടി ലഭിച്ചത്. കേരള സർക്കാർ നിലപാട് മാറ്റി പ്രശ്നം പരിഹരിക്കാൻ തയ്യാറാവണം. കേരളം നിലപാട് മാറ്റാൻ തയ്യാറായാൽ കേന്ദ്രവും നിലപാട് മാറ്റും. അതുകൊണ്ട് ഈ വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാചെയർമാൻ പി.പി.എ കരീം അദ്ധ്യക്ഷനായിരുന്നു.