arikulam-raghavan
വിവാഹ വീട്ടിലെത്തി അരിക്കുളം രാഘവൻ ചെടി സമ്മാനിക്കുന്നു

കൊയിലാണ്ടി: സുഹൃത്തുക്കളോ ബന്ധുക്കളോ ആരുമാകട്ടെ, വിശേഷ ദിനത്തിൽ പങ്കെടുക്കാൻ വിളിച്ചാൽ ഒരു ചെടിയും കൈയിൽ കരുതിയാണ് അരിക്കുളം രാഘവൻ വീട്ടിൽ നിന്നിറങ്ങുക, ഭൂമിക്കൊരു ഹരിത കുടയൊരുക്കാൻ വീട്ടുകാർക്കുളള സ്നേഹ സമ്മാനം. വിവാഹം, ഗൃഹപ്രവേശം, പിറന്നാൾ .. ആഘോഷങ്ങളുടെ തരംതിരിവെന്തായാലും രാഘവൻ എത്തിയതിന്റെ അടയാളമായി അശോകവും ഞാവലും പേരക്കയും ചാമ്പങ്ങയും വേപ്പുമെല്ലാം ഇന്നും പല വീടുകളിൽ പൂത്തും തളിർത്തും കായ്ച്ചും നിൽക്കുന്നുണ്ട്. വീട്ടിലെ നഴ്സറിയിൽ പാകപ്പെടുത്തിയ ചെടികളാണ് സമ്മാനമായി നൽകുന്നത്. പുതുവർഷം പിറന്ന് നാല്പത്തി അഞ്ച് ദിവസം പിന്നിടുമ്പോൾ 52 വീടുകളിലാണ് ഔഷധ-ഫല സസ്യങ്ങളുമായി ഈ പ്രകൃതി സ്നേഹിയെത്തിയത്. പെൺകുട്ടികളുടെ വിവാഹമാണെങ്കിൽ നേരിയൊരു നിർബന്ധമുണ്ട്, ചെടി ഭർത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോകണം. അതിന് രാഘവനൊരു ന്യായവുമുണ്ട്. ജീവിതത്തിലെ സുപ്രധാന ദിനത്തിൽ ലഭിക്കുന്ന സമ്മാനം അവരുടെ കൈയിൽ സുരക്ഷിതമായി വളരും. 2017ലാണ് രാഘവൻ ഇങ്ങനെയൊരു വേറിട്ട വഴിയിലെത്തുന്നത്. നടുവണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അച്യുതൻ മാഷുടെ മകന്റെ വിവാഹത്തിനായിരുന്നു ആദ്യ സമ്മാനം.
ഗണിത ശാസ്ത്രത്തിൽ ബിരുദവും ജെ.ഡി.സിയും പാസായ രാഘവൻ ട്യൂട്ടോറിയൽ അദ്ധ്യാപകനായിരിക്കെയാണ് തൃപ്പൂണിത്തറ ആയുർവേദ കോളേജിൽ ഫാർമസിസ്റ്റ് കോഴ്സിന് ചേരുന്നത്. പ്രകൃതിയിലേക്കുള്ള യാത്രയുടെ വഴിത്തിരിവായിരുന്നു ആ പഠന കാലമെന്ന് രാഘവൻ ഓർക്കുന്നു. പിന്നീട് ഭൂമിയുടെ നഷ്ടമായ ഹരിത ശോഭ വീണ്ടെടുക്കാൻ പൊതുരംഗത്ത് സജീവമായി. ഫാർമസി അസിസ്റ്റന്റായി ജോലി കിട്ടിയതോടെ ഔദ്യാഗിക ജീവിതത്തിനൊപ്പം പ്രകൃതി സംരക്ഷണവും ഏറ്റെടുത്തു. ഒരു തൈ നടുമ്പോൾ പദ്ധതിയിലൂടെ ജോലി ചെയ്ത ഇടങ്ങളിലെല്ലാം മനോഹരമായ ഔഷധേതര സസ്യങ്ങളുടെ തോട്ടം ഒരുക്കി. സ്‌കൂളുകളിലെ പ്രകൃതി സംരക്ഷണ ക്ലാസുകളിലെ സ്ഥിരം അദ്ധ്യാപകൻ കൂടിയാണ് രാഘവൻ. താൻ സമ്മാനിച്ച ചെടികൾ വലുതായ് കായ്കനികളാവുമ്പോൾ പലരും ഫോട്ടോയെടുത്ത് അയച്ച് തരാറുണ്ടെന്ന് അദ്ദേഹം പറയുന്നു. സർവീസിൽ നിന്ന് വിരമിച്ചതോടെ ചെടി പരിപാലനം വിപുലപ്പെടുത്താനുളള ഒരുക്കത്തിലാണ്, ഫാർമസി അസിസ്റ്റന്റായ ഭാര്യ സുവർണാ ഭട്ടും ബി.എ.എം.എസ് വിദ്യാർത്ഥിയായ മകൻ സൂര്യ നാരായണനും രാഘവന്റെ പ്രകൃതി സ്നേഹത്തിൽ അലിഞ്ഞ് കൂടെയുണ്ട്.