കുറ്റ്യാടി: കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾക്ക് ആശ്വാസത്തിന്റെ നാളുകൾ. കുന്നുമ്മൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റെറിനെ ബ്ലോക്ക് ലെവൽ കുടുംബാരോഗ്യ സെന്റർ ആയി ഉയർത്തി. പ്രസിഡന്റ് കെ.പി. ചന്ദ്രിയുടെ നേതൃതത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർക്ക് നിവേദനം നൽകിയിരുന്നു. തുടർന്നാണ് തീരുമാനം വന്നത്. നിലവിൽ 2 മണി വരെ മാത്രം ആയിരുന്നു ഒ.പി സേവന സൗകര്യം. ഇനി വൈകുന്നേരം 6 മണി വരെ ഡോക്ടർമാരുടെ സേവനവും തുടർന്ന് ഐ.പി സംവിധാനവും ജനങ്ങൾക്ക് ലഭിക്കും. ഇത് മലയോരപ്രദേശത്തെ ജനങ്ങൾക്ക് ഉൾപ്പെടെയുള്ളവർക്ക് വലിയ ആശ്വാസമാകും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ജനങ്ങളുടെ ഏറെ നാളെത്തെ സ്വപാനമാണ് സാക്ഷാതകരിക്കാൻ പോവുന്നത്. ഹോസ്പിറ്റലിൽ കൊവിഡ് ടെസ്റ്റ് ചെയ്യാൻ വരുന്നവർക്ക് ഇരിക്കാനുള്ള ഇരിപ്പിടവും സൗകര്യവും മറ്റും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയിട്ടുണ്ട്.