wo

കോഴിക്കോട്: രാജ്യത്ത് ആദ്യമായി വനിതാ ഡയറക്ടറി തയ്യാറാക്കി കേരള വനിത കമ്മിഷൻ. വനിതാ കമ്മിഷൻ രജതജൂബിലി വർഷത്തിൽ സ്ത്രീ സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായാണ് കേരള വിമൻസ് ഡയറക്ടറി തയ്യാറാക്കിയത്. പ്രതിസന്ധി ഘട്ടങ്ങളിൽ സ്ത്രീകൾക്ക് ബന്ധപ്പെടാൻ കഴിയുന്ന ജനപ്രതിനിധികൾ, നിയമം, പൊലീസ്, വിവിധ കമ്മിഷനുകൾ, ഹോസ്റ്റലുകൾ, ഗാർഹിക പീഡനമുണ്ടായാൽ ബന്ധപ്പെടാനുള്ള സ്ത്രീ സുരക്ഷാ ഓഫീസർമാർ, ഓൾഡേജ്‌ ഹോമുകൾ, ഐസിഡിഎസിന്റെ വിവിധ ഓഫീസുകൾ, പൊലീസ് സ്റ്റേഷനുകൾ, സൈബർ, ജനമൈത്രി, എന്റെ കൂട്, തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ ഫോൺ നമ്പറുകളും ഇ-മെയിൽ വിലാസവും അടങ്ങിയതാണ് ഡയറക്ടറി. രണ്ടാം പതിപ്പ് മാറ്റങ്ങളോടെ ജൂണിൽ പ്രസിദ്ധീകരിക്കും.
സ്ത്രീ സുരക്ഷയ്ക്കായുള്ള വിവിധ നിയമങ്ങൾ ക്രോഡീകരിച്ച് 'സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളും ശിക്ഷയും' എന്ന കൈപ്പുസ്തകവും പ്രസിദ്ധീകരിച്ചു. ഗാർഹിക ഹിംസയ്‌ക്കെതിരായ നിയമം, സ്ത്രീധന നിരോധന നിയമം, പോക്‌സോ തുടങ്ങിയ നിരവധി നിയമങ്ങളുടെ പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ളതും സ്ത്രീ സംരക്ഷണ നിയമ രൂപീകരണത്തിൽ നിർണായകമായ മേരി റോയ് കേസ്, വിശാഖാ കേസ് എന്നിവയുടെ വിധി ന്യായങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാർഹിക ഹിംസയ്‌ക്കെതിരെ പരിരക്ഷ നൽകേണ്ട വിമൻ പ്രൊട്ടക്ഷൻ ഓഫീസർമാരുടെ വിലാസവും ഫോൺ നമ്പറും ഉൾപ്പെടുത്തിയിട്ടുണ്ട്.
വനിതാ കമ്മിഷനിൽ പരാതി നൽകാനൊരുങ്ങുമ്പോൾ ഉണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കാനായി '22 പതിവുചോദ്യങ്ങൾ', കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വനിതാ കമ്മിഷൻ നടപ്പാക്കിയ സ്ത്രീ സംരക്ഷണ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ എന്നീ ബ്രോഷറുകളും തയാറാക്കിയിട്ടുണ്ട്. പുസ്തകങ്ങൾ സൗജന്യമായി ലഭിക്കും. വാർഡ് തല ജാഗ്രതാസമിതികൾ, കുടുംബശ്രീ എന്നിവയിലൂടെ നടത്തിവരുന്ന സ്ത്രീ സംരക്ഷണ, നിയമ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് പ്രസിദ്ധീകരണങ്ങൾ കൂടുതൽ ശക്തിപകരും.