
കോഴിക്കോട്: പതിമൂന്നുകാരിയെ മാതാവിന്റെ ഒത്താശയോടെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനും മറ്റു ആറു പ്രതികൾക്കും പത്തു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. മാതാവിനെ ഏഴു വർഷം കഠിനതടവിനും കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജി ശ്യാംലാൽ ശിക്ഷിച്ചു. തെളിവില്ലെന്ന കാരണത്താൽ രണ്ടു പ്രതികളെ വെറുതെ വിട്ടു.
കുട്ടിയുടെ മാതാവിനെയും രണ്ടാനച്ഛനെയും കൂടാതെ കാവന്നൂർ ഇരുമ്പിശ്ശേരി അഷറഫ്, താഴേക്കോട് അമ്പലത്തിങ്ങൽ മുഹമ്മദ്, കൊടിയത്തൂർ കോട്ടുപുറത്ത് ജമാൽ, വേങ്ങര കണ്ണഞ്ചേരിച്ചാലിൽ മുഹമ്മദ് മുസ്തഫ, കൊടിയത്തൂർ കോശാലപ്പറമ്പ് നൗഷാദ്, കാവന്നൂർ കുയിൽത്തൊടി നൗഷാദ് എന്നിവരെയാണ് ഐ പി സി 376, 373 വകുപ്പുകൾ പ്രകാരം കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. വിധി കേട്ടതോടെ മാതാവ് കോടതിയിൽ ബോധരഹിതയായി വീണു.
എട്ടും പത്തും പ്രതികളായ കാവന്നൂർ കളത്തിങ്ങൽ ജാഫർ, കവന്നൂർ കുയിൽത്തൊടി അബ്ദുൾ ജലീൽ എന്നിവരെയാണ് വെറുതെ വിട്ടത്.
പീഡനത്തിനിരയാക്കിയത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെയാണെന്നതിന് ഏഴു പ്രതികൾക്കും 5 വർഷം തടവ് ശിക്ഷ കൂടിയുണ്ട്. എന്നാൽ ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ പത്ത് വർഷമായിരിക്കും തടവ്. പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ച രണ്ടാനച്ഛൻ പിന്നീട് മറ്റു പലർക്കും കാഴ്ച വച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.
ഫാസ്റ്റ് ട്രാക്ക് കോടതിയായിട്ടും കേസിൽ വിധി വരുന്നത് 14 വർഷത്തിനു ശേഷമാണ്. 2006 - 07 കാലയളവിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളെ വൈകാതെ പിടികൂടിയെങ്കിലും പ്രോസിക്യൂട്ടറെ പല തവണ മാറ്റിയതും പ്രതികൾ ഹൈക്കോടതിയെ സമീപിച്ച് തടസ്സവാദങ്ങൾ ഉന്നയിച്ചതും വിചാരണ നീളാനിടയാക്കി.