nagaram
വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിലുള്ള കോഴിക്കോട് നഗര സൗന്ദര്യവത്കരണ പദ്ധതിയുടെ സംഘാടക സമിതി രൂപീകരണ യോഗം എ. പ്രദീപ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

 തുടക്കം മാവൂർ റോഡിലും രാജാജി റോഡിലും

 തെരുവുകൾ തീർത്തും മാലിന്യമുക്തമാക്കും
കോഴിക്കോട്: പാരമ്പര്യത്തിനും പ്രതാപത്തിനും കേൾവി കേട്ട കോഴിക്കോട് നഗരത്തിന്റെ

സൗന്ദര്യവത്കരണത്തിനായി വ്യാപാരി കൂട്ടായ്മ രംഗത്തിറങ്ങുന്നു. വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിലാണ് ഈ ദിശയിലുള്ള യജ്ഞം. വൃത്തിയും മോടിയുമുള്ള നഗരമാക്കി കോഴിക്കോടിനെ മാറ്റുകയാണ് ലക്ഷ്യം. ആദ്യപടിയായി മാവൂർ റോഡും രാജാജി റോഡും മോടി പിടിപ്പിക്കും. തെരുവുകളിലും കടകൾക്കു മുന്നിലും പൂച്ചെടികൾ വച്ചു പിടിപ്പിക്കും. തെരുവുകൾ തീർത്തും മാലിന്യമുക്തമാക്കും. ഇതിനായി വെയ്സ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്നതിനൊപ്പം മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനവുമൊരുക്കും.

പദ്ധതി നിർവഹണത്തിനായി സംഘാടകസമിതിയ്ക്ക് രൂപം നൽകി. ഇൻഡോർ സ്‌റ്റേഡിയം ഹാളിൽ ചേർന്ന യോഗം എ.പ്രദീപ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ സാംബശിവറാവു മുഖ്യാതിഥിയായിരുന്നു. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൾ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു.

ഇങ്ങനെയൊരു സംരഭത്തിന് വ്യാപാരി വ്യവസായി സമിതി ഇറങ്ങിപ്പുറപ്പെട്ടത് ഏറെ സ്വാഗതാർഹമാണെന്ന് പ്രദീപ് കുമാർ എം.എൽ.എ പറഞ്ഞു. ജനകീയ മന്നേറ്റങ്ങളിലൂടെയുള്ള ഇത്തരം പദ്ധതി തീർച്ചയായും വിജയം കാണും. പി ഡബ്ല്യു ഡി, കോർപ്പറേഷൻ, ജില്ലാ ഭരണകൂടം എന്നിവയുടെ സഹകരണവും ഉറപ്പാക്കാം. എംഎൽഎ എന്ന നിലയിൽ എല്ലാ സഹായവുമുണ്ടാവും.

പരസ്യ ബോർഡുകളാൽ കോഴിക്കോടിന്റെ പാതയോരങ്ങൾ വികൃതമാക്കപ്പെട്ടിരിക്കയാണ്. വെയിലും മഴയും കൊള്ളാതെ നിൽക്കാൻ പറ്റുന്ന ബസ്‌ സ്റ്റോപ്പുകൾ നമുക്കില്ല. പരസ്യക്കാരുടെ താത്പര്യങ്ങൾ മാത്രമാണ് സംരക്ഷിക്കപ്പെടുന്നത്. ഫുട്പാത്തുകളിൽ പോലും വികൃതമായ രീതിയിൽ പരസ്യങ്ങൾ വച്ചു നിറയ്ക്കുന്നു. പരസ്യങ്ങളും സ്‌പോൺസർഷിപ്പുമാവാം, പക്ഷേ, പരസ്യങ്ങൾ അന്തസ്സായി വയ്ക്കണം. ജനങ്ങൾക്ക് ഉപകാരപ്പെടാത്ത, വികൃതമാക്കപ്പെട്ട ബസ് സ്റ്റോപ്പുകളാണ് നമുക്കിന്നുള്ളത്. കോഴിക്കോട്ടെ തെരുവുകൾ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി ഇക്കാര്യത്തിലും മാറ്റം വേണമെന്ന് പ്രദീപ് കുമാർ പറഞ്ഞു.

വ്യാപാരി വ്യവസായി സമിതിയുടെ ഈ പദ്ധതിയിലൂടെ കോഴിക്കോടിനെ സുന്ദര നഗരമാക്കി മാറ്റാൻ സാധിക്കുമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു പറഞ്ഞു. നഗരത്തിലെ വിദഗ്ധരായ ആർക്കിടെക്ടുകളുടെ സഹായം കൂടി ഇതിനായി തേടാം. പലതിനും മാതൃകയായ കോഴിക്കോട് സൗന്ദര്യമുള്ള നഗരമെന്ന നിലയ്ക്കും അറിയപ്പെടേണ്ടതുണ്ട്.

ചടങ്ങിൽ കോഴിക്കോട് നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.കൃഷ്ണകുമാരി, നികുതി വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.നാസർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ദിവാകരൻ, വ്യാപാരി വ്യവസായി സിറ്റി പ്രസിഡന്റ് പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. സിറ്റി സെക്രട്ടറി മൊയ്തീൻകോയ സ്വാഗതവും ട്രഷറർ കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.

സൗന്ദര്യ വത്ക്കരണ പദ്ധതിയുടെ ഭാരവാഹികളായി സൂര്യ അബ്ദുൾ ഗഫൂർ (ചെയർമാൻ), ജീവൻ (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.