
ബാലുശ്ശേരി: തർക്കപ്രശ്നങ്ങൾ തീർത്ത് കർഷകരിൽ നിന്ന് ഭൂനികുതി വാങ്ങാൻ സർക്കാരിന്റെ ഉന്നതതല സമിതി തീരുമാനിച്ചതിനു പിറകെ ഉത്തരവുമിറക്കിയതാണ്. കൂരാച്ചുണ്ട്, ചക്കിട്ടപാറ, കായണ്ണ വില്ലേജുകളിലൊക്കെ ഇതുപ്രകാരം ഭൂനികുതി വാങ്ങാൻ തുടങ്ങിയെങ്കിലും കാന്തലാട് വില്ലേജിൽ മാത്രം രണ്ടു വർഷമാവാറാവുമ്പോഴും തീരുമാനം നടപ്പാവുന്നില്ല. നാല്പതോളം കർഷക കുടുംബങ്ങൾക്ക് ഇതുകാരണം തീതിന്നു കഴിയാൻ തന്നെ വിധി.
കർഷകർ 1940 മുതൽ വില കൊടുത്തു വാങ്ങിയ ഭൂമിയ്ക്ക് 60 വർഷത്തിലേറെ നികുതി അടച്ചുവന്നതാണ്. എന്നാൽ 2002ൽ യാതൊരു മുന്നറിയിപ്പുമില്ലാതെ നികുതി സ്വീകരിക്കുന്നത് നിറുത്തി. കർഷക ജനതയുടെ വർഷങ്ങൾ നീണ്ട പ്രക്ഷോഭങ്ങളുടെ ഫലമായി യു.ഡി.എഫ്, എൽ.ഡി.എഫ് സർക്കാരുകളുടെ മുഖ്യമന്ത്രിമാർ 2005, 2013, 2016, 2018 വർഷങ്ങളിൽ വിളിച്ചു ചേർത്ത ഉന്നതതല യോഗങ്ങളുടെ തുടർച്ചയെന്നോണമാണ് അനുകൂല തീരുമാനം വന്നത്. തുടർന്ന് ജില്ലാ കളക്ടർ 2019 ജൂൺ 27 ന് ഉത്തരവും ഇറക്കി. പക്ഷേ, ഇവിടെ ഇനിയും അത് നടപ്പാക്കിയില്ല. തർക്കഭൂമികളിൽ റവന്യൂ - വനം ഉദ്യോഗസ്ഥർ സംയുക്ത സർവേ നടത്തിയും രേഖകൾ പരിശോധിച്ചും സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഉന്നതതല സമിതിയുടെ തീരുമാനം. 1977 ന് മുമ്പ് കർഷകർ കൈവശം വെച്ചു വരുന്ന ഭൂമിയുടെ ആധാരം, പട്ടയം, നികുതി ശീട്ട്, ലാൻഡ് ഏരിയ രജിസ്റ്റർ ഇവയിലേതെങ്കിലുമൊന്ന് കർഷകർക്ക് അനുകൂലമാണെങ്കിൽ നികുതി സ്വീകരിച്ച് റവന്യൂരേഖ നൽകാൻ ജില്ലാ കളക്ടറെയും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറെയും സർക്കാർ ചുമതലപ്പെടുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കളക്ടറുടെ ഉത്തരവ്. പല കാര്യങ്ങൾ പറഞ്ഞ് വില്ലേജ് ഓഫീസർമാർ കർഷകരെ മടക്കി. ഒടുവിൽ അവർ മുഖ്യമന്ത്രി, റവന്യൂ മന്ത്രി, വകുപ്പുതല ഉദ്യോഗസ്ഥർ, കളക്ടർ, ഡി.എഫ്.ഒ തുടങ്ങിയവർക്ക് പരാതി നൽകിയതിനെ തുടർന്ന് കൂരാച്ചുണ്ട്, ചക്കിട്ടപാറ, കായണ്ണ വില്ലേജ് ഓഫീസർമാർ നികുതി സ്വീകരിച്ച് റവന്യൂ രേഖ നൽകാൻ തുടങ്ങി. അപ്പോഴും കാന്തലാട് വില്ലേജ് ഓഫീസുകാർക്ക് സംശയം തീരുന്നില്ല. കർഷകർ നാളെ മുതൽ കുടികിടപ്പ് സമരത്തിന് ക്ഷമയുടെ നെല്ലിപ്പലക കണ്ടതോടെ പ്രത്യക്ഷസമരത്തിനിറങ്ങുകയാണ് മലയോര കർഷക ആക്‌ഷൻ കമ്മിറ്റി. കാന്തലാട് വില്ലേജ് ഓഫീസിന് മുന്നിൽ നാളെ അനിശ്ചിതകാല കുടികിടപ്പ് സമരം തുടങ്ങും. ജില്ലാ കളക്ടറുടെ ഉത്തരവിറങ്ങിയിട്ടു പോലും വില്ലേജ് ഓഫീസുകാർക്ക് ഇളക്കമില്ലെന്നത് അമ്പരപ്പിക്കുന്നതാണെന്ന് ആക്‌ഷൻ കമ്മിറ്റി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചെമ്പനോട വില്ലേജിൽ നേരത്തെ കർഷകൻ ആത്മഹത്യ ചെയ്ത സംഭവമുണ്ടായിരുന്നു. നികുതി സ്വീകരിക്കാൻ ഇവിടെയും കർഷകർ ആത്മഹത്യ ചെയ്യണമെന്നാണോ? കമ്മിറ്റി ചെയർമാൻ ഒ.ഡി.തോമസ്, മുഹമ്മദ് പൂനൂർ, പത്മനാഭൻ കുറുമ്പൊയിൽ, സാബു നെടും തകിടിയേൽ, സി.അഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.