തിരുനെല്ലി: കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബ്ബന്ധമാക്കിയതു സംബന്ധിച്ച് കർണാടകത്തിന്റെ രണ്ട് ചെക്ക് പോസ്റ്റുകളിൽ രണ്ട് വിധത്തിലുള്ള നിർദ്ദേശങ്ങൾ.
രാത്രികാല യാത്ര നിലവിലുള്ള മാനന്തവാടി, തോൽപ്പെട്ടി, കുട്ട റൂട്ടിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ തടഞ്ഞ് തിരിച്ചയച്ചു.
കേരള അതിർത്തിയായ തോൽപ്പെട്ടി നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കുട്ട പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ചാണ് വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തുന്നത്.
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ആരെയും കടത്തിവിട്ടില്ല. തോൽപ്പെട്ടിയിൽ നിന്ന് കാൽനടയായി കുട്ടയിൽ പോകുന്നവരെയും ചെക്ക് പോസ്റ്റിൽ വച്ച് തടഞ്ഞ് തിരിച്ചയക്കുകയാണ്.
പൊലീസും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് വാഹന പരിശോധന നടത്തുന്നത്.
ഉദ്യോഗസ്ഥരെയും, കുട്ട ചെക്ക് പോസ്റ്റ് കടന്നുപോകുന്നവരെയും നിരീക്ഷിക്കാൻ ഇന്നലെ ചെക്ക് പോസ്റ്റിന് സമീപം ക്യാമറ സ്ഥാപിച്ചു. കൂർഗ്ഗ് ജില്ലാ കലക്ടർ ചാരുലത 19ന് ഇറക്കിയ ഉത്തരവിനെ തുടർന്നാണ് പരിശോധനകൾ കർശനമാക്കിയത്.
24 മണിക്കൂറും പരിശോധന നടത്തുന്നുണ്ട്. ബസ്സുകളിലും ടൂറിസ്റ്റ് ബസ്സുകളിലും ടാക്സികളിലും സ്വകാര്യ വാഹനങ്ങളിലും കുട്ട ചെക്ക്പോസ്റ്റ് വഴി കർണ്ണാടകയിലേക്ക് പോകുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബ്ബന്ധമാണ്.
എന്നാൽ ഇന്നലെ മൈസൂർ ജില്ലയിൽ ഉൾപ്പെട്ട ബാവലി ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ കർശന പരിശോധന ഉണ്ടായിരുന്നില്ല.യാത്രക്കാരോട് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ടെങ്കിലും സർട്ടിഫിക്കറ്റ് ഇല്ലാത്തവരെയും ശരീര ഊഷ്മാവ് പരിശോധനയ്ക്ക് ശേഷം ചെക്ക് പോസ്റ്റ് കടത്തിവിട്ടു.
യാത്രക്കാരെ ബുദ്ധിമുട്ടിച്ച് കൊണ്ടുള്ള പരിശോധനയ്ക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഇന്നലെ ബാവലി ചെക്ക് പോസ്റ്റിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയവരെ കർണ്ണാടക ചെക്ക് പോസ്റ്റിൽ തടഞ്ഞുവെച്ചത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ആറ് മണിക്കൂറിന് ശേഷം ചെക്ക് പോസ്റ്റ് തുറന്ന് കൊടുക്കുകയും ചെയ്തു.
സർട്ടിഫിക്കറ്റ് ഇല്ലാതെ കാൽനട യാത്രക്കാരെ പോലും കടത്തിവിടില്ലെന്ന കർണ്ണാടകയുടെ നിലപാട് തിരുനെല്ലി പഞ്ചായത്തിലെജനങ്ങളെയും പ്രതികൂലമായി ബാധിക്കും. തോൽപ്പെട്ടി അടക്കമുള്ള പ്രദേശങ്ങളിലെ ഭൂരിഭാഗം പേരും തൊഴിലിനായി കുട്ടയിലാണ് പോകുന്നത്.