pvc

കോഴിക്കോട്: ജൽജീവൻ കുടിവെള്ള വിതരണ പദ്ധതിയ്ക്കായി പി.വി.സി പൈപ്പുകൾക്ക് പകരം എച്ച്.ഡി.പി.ഇ പൈപ്പുകൾ ഉപയോഗിക്കാൻ വാട്ടർ അതോറിറ്റി മുതിർന്നിരിക്കെ സംസ്ഥാനത്തെ അൻപതോളം നിർമ്മാണ യൂണിറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിലായി.

കേരളത്തിന് പുറത്തുള്ള എച്ച്.ഡി.പി.ഇ പൈപ്പ് നിർമ്മാതാക്കൾക്ക് അനുകൂലമായ നിലപാടാണിതെന്ന ആക്ഷേപമുണ്ട്. കൊവിഡ് വ്യാപനത്തോടെ തകർച്ചയിലേക്ക് നീങ്ങിയ സംസ്ഥാനത്തെ പി.വി.സി പൈപ്പ് നിർമാണ മേഖലയെ പുതിയ നീക്കം കൂടുതൽ നാശത്തിലേക്ക് തള്ളിവിടുമെന്ന് ആൾ കേരള സ്‌മാൾ സ്‌കെയിൽ പി.വി.സി പൈപ്പ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.എം.അബ്ദുൾ ജബ്ബാർ, ജനറൽ സെക്രട്ടറി ഇഫ്സാൻ ഹസീബ് എന്നിവർ പറയുന്നു. ഏതാണ്ട് 15,000 പേർ ജോലി ചെയ്യുന്നുണ്ട് ഈ മേഖലയിൽ.

നിർമ്മാണ പ്രവൃത്തികൾക്ക് സാമഗ്രികൾ വാങ്ങുമ്പോൾ സംസ്ഥാനത്തെ ചെറുകിട നിർമ്മാണ യൂണിറ്റുകൾക്ക് മുൻഗണന നൽകണമെന്ന് സംസ്ഥാന സർക്കാരിന്റെ സ്റ്റോർ പർച്ചേസ് മാന്വലിലുണ്ട്. ഇതിന് വിരുദ്ധമായാണ് വാട്ടർ അതോറിറ്റി സംസ്ഥാനത്തിന് പുറത്തുള്ള സ്ഥാപനങ്ങളെ സമീപിക്കുന്നതെന്ന് സംഘടനാ നേതാക്കൾ ആരോപിക്കുന്നു.

പി.വി.സി പൈപ്പുകളുടെ ലഭ്യതക്കുറവും ഉയർന്ന വിലയുമാണ് നയംമാറ്റത്തിന് കാരണമായി വാട്ടർ അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്. ഇത് തീർത്തും സത്യവിരുദ്ധമാണ്. അസംസ്‌കൃതവസ്തുവായ പി.വി.സി റേസിനിന് കഴിഞ്ഞ സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ ക്ഷാമം അനുഭവപ്പെട്ടിരുന്നെങ്കിലും ആവശ്യത്തിന് ലഭ്യമാണിപ്പോൾ. എച്ച്.ഡി.പി.ഇ പൈപ്പിനെ അപേക്ഷിച്ച് വില കുറവാണ് പി.വി.സി ഇനത്തിന്. ഗുണനിലവാരം കൂടുതലാണെന്ന മെച്ചവുമുണ്ട്. ചോർച്ചയ്ക്ക് സാദ്ധ്യത ഏറെയാണ് എച്ച്.ഡി.പി.ഇ പൈപ്പുകൾക്ക്. എളുപ്പത്തിൽ തീപിടിക്കുമെന്നതാണ് മറ്റൊരു ദോഷം; അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

 ജി.എസ്.ടി നഷ്ടം 450 കോടി

പി.വി.സി പൈപ്പുകളുടെ വില്പനയിലൂടെ ജി.എസ്.ടി ഇനത്തിൽ സംസ്ഥാന സർക്കാരിന് നിലവിൽ പ്രതിവർഷം ലഭിക്കുന്നത് 450 കോടി രൂപയാണ്. കേരളത്തിൽ എച്ച്.ഡി.പി.ഇ പൈപ്പ് നിർമ്മാണ കമ്പനികൾ കുറവാണെന്നിരിക്കെ സംസ്ഥാനത്തിന് പുറത്തുള്ള സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരും. ഇത് ജി.എസ്.ടി വരുമാനം പാടെ ചോർത്താനിടയാക്കുമെന്ന് അസോസിയേഷൻ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. വാട്ടർ അതോറിറ്റിയുടെ പദ്ധതിയ്ക്കാവശ്യമായ പി.വി.സി പൈപ്പുകൾ ലഭ്യമാക്കാൻ സംസ്ഥാനത്തെ നിർമ്മാതാക്കൾക്ക് സാധിക്കുമ്പോൾ പിന്നെന്തിനാണ് ഒരു ചുവടുമാറ്റമെന്ന ചോദ്യമാണ് അവരുടേത്.