
കുറ്റ്യാടി: തൊട്ടിൽപാലം ചുരം റോഡിൽ അപകടങ്ങൾ പതിവാകുന്നു. താമരശ്ശേരി ചുരം അറ്റകുറ്റ പണികൾക്കായി അടച്ചതോടെ കുറ്റ്യാടി ചുരം വഴിയുള്ള ഗതാഗത തിരക്കും വർദ്ധിച്ചു. ഇതും അപകടങ്ങളുടെ എണ്ണം കൂടാൻ കാരണമായി. ചുരം റോഡരികിൽ വീണു കിടക്കുന്ന മണ്ണും റോഡിലേക്ക് പടരുന്ന കാട്ട് ചെടികളും വാഹനയാത്രയ്ക്ക് തടസമാവുന്നുണ്ട്.
കഴിഞ്ഞ ദിവസം പുലർച്ച നാലു മണിക്ക് വിദേശമദ്യം കയറ്റി ചുരമിറങ്ങിവരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് പുതംമ്പാറ മുളവട്ടത്ത് റോഡരികിൽ ഇടിച്ച് നിന്നു. ഇതേ ലോറിയുടെ പിൻവശത്തായി രാവിലെ ആറ് മണിയോടെ കർണാടകയിൽ നിന്നും ഗ്രാനൈറ്റുമായി വന്ന മറ്റൊരു ലോറി നിയന്ത്രണം വിട്ട് ഇടിച്ച് നിന്നു. ഈ ലോറിയുടെ മുൻവശം തകർന്ന് ഡ്രൈവർ കാബിനിൽ
കുടുങ്ങിയതോടെ നാദാപുരം ചേലക്കാട് നിന്നും ഫയർഫോഴ്സെത്തി കാബിൻ വെട്ടിമുറിച്ച്
ഡ്രൈവറെ പുറത്തെടുക്കുകയായിരുന്നു. കാലിന് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.
രക്ഷാപ്രവർത്തനം നടക്കുന്നതിനാൽ രണ്ട് മണിക്കൂറോളം റോഡിൽ ഗതാഗതം തടസപ്പെട്ടു. തുടർന്ന് എട്ട് മണിയോടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഇതേ സമയം ചുരം റോഡിലെ എട്ടാം വളവിൽ കെ.എസ്.ആർ.ടി.സി
വോൾബോ ബസ് റോഡിൽ അകപ്പെട്ട് ഗതാഗതം തടസപെട്ടു. തുടർന്ന് റോഡിലെ തടസങ്ങൾ ഒഴിവാക്കി ഗതാഗത യോഗ്യമാക്കുകയായിരുന്നു. വൈകീട്ട് 4 മണിയോടെ താഴെ മുളവട്ടത്ത് ചുരം ഇറങ്ങി വന്ന കെ.എസ്.ആർ.ടി .സി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കൈയ്യാലയിൽ ഇടിക്കുകയായിരുന്നു.